വാക്കുകള്‍ക്കപ്പുറം ഈ വാര്‍ത്താ ചിത്രങ്ങള്‍

കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താ ചിത്രപ്രദര്‍ശനം 'ബിയോണ്ട് വേര്‍ഡ്‌സ് 2017' ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയേയും ഫോട്ടോഗ്രാഫര്‍മാരേയും ഫോട്ടോയെടുത്ത് നടി അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: വാക്കുകള്‍ക്കപ്പുറം വാചാലമാവുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി. വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനുനേരെ തിരിച്ച കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അനര്‍ഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ബിയോണ്ട് വേഡ്‌സ് എന്ന പ്രദര്‍ശനത്തിലുള്ളത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ ജേണലിസ്റ്റ് ഫോറമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 35 ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ തെരഞ്ഞെടുത്ത രണ്ടു വീതം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ട്. ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് സുരഭിയും ചലച്ചിത്രതാരം അഞ്ജലി അമീറും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പഴയകാല ഫോട്ടോഗ്രാഫര്‍മാരെ ആദരിക്കല്‍, മുഖാമുഖം, ചിത്രകാരന്‍മാരുടെ കൂട്ടായ്മ തുടങ്ങിയവയും നടക്കും. പൊതുജനങ്ങള്‍ക്കായി അടിക്കുറിപ്പ് മത്സരവും ഒരുക്കിയിട്ടുണ്ട്. ‘തത്സമയം’ ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പൊതുചടങ്ങ് അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. സുരഭി മുഖ്യാതിഥിയായി. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. തല്‍സമയം ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, മാനേജിങ് എഡിറ്റര്‍ ഇബ്രാഹിം ബേവിഞ്ച, ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസര്‍ ശേഖര്‍, ഫോട്ടോ എക്സിബിഷന്‍ കണ്‍വീനര്‍ പി.ജെ ഷെല്ലി സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ഫോട്ടോ ജേണലിസ്റ്റ് ഫോറം കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു.

SHARE