‘നിലപാടില്‍ മാറ്റമില്ല; പിന്തുണച്ചവര്‍ക്ക് നന്ദി’; മീഡിയ വണ്‍

കോഴിക്കോട്: നിലപാടില്‍ മാറ്റമില്ലെന്നും വിലക്കിയ നടപടിയില്‍ പിന്തുണച്ച് കൂടെ നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ്. 14 മണിക്കൂറുകള്‍ക്കു ശേഷം സംപ്രേഷണം ആരംഭിച്ചപ്പോഴായിരുന്നു സിഎല്‍ തോമസിന്റെ പ്രതികരണം. ഇന്നലെ രാത്രി 7.30 ഓടു കൂടിയാണ് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും നിരോധനം വരുന്നത്.

14 മണിക്കൂറിനുശേഷം മീഡിയവണ്‍ വീണ്ടും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇരുട്ടിലായ 14 മണിക്കൂര്‍ ഈ നാട്ടിലെ ജനങ്ങളും ഞങ്ങളുടെ പ്രേക്ഷകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കന്മാരും സഹമാധ്യമങ്ങളും നല്‍കിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി ആദ്യമായി രേഖപ്പെടുത്തുകയാണ്. 48 മണിക്കൂര്‍ വിലക്കാണ് മീഡിയവണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയത്. 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ നീക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ള സന്തോഷം ഞാനിവിടെ രേഖപ്പെടുത്തുകയാണ്. ജനങ്ങളുടെ പ്രതിഷേധവും, മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങള്‍ നല്‍കിയ വലിയ തോതിലുള്ള പിന്തുണയുമാവാം നേരത്തെ തന്നെ ഈ വിലക്ക് പിന്‍വലിക്കാന്‍ കാരണമായതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ജനകീയ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ തിരിച്ചുവന്നതിനു ശേഷവും തുടര്‍ന്നങ്ങോട്ടും ഇതുവരെ മീഡിയവണ്‍ പിന്തുടര്‍ന്നുവന്ന പാത അങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചുനിന്ന് സത്യത്തിലും നീതിയിലും അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം അതിശക്തമായി ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. അതിനായി മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.” വിലക്കിനുശേഷം മീഡിയവണ്‍ വാര്‍ത്താസംപ്രേഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പറഞ്ഞു.

”നിയമവിരുദ്ധമായി മാധ്യമപ്രവര്‍ത്തനം മീഡിയവണ്‍ നടത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചു മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ഇന്നലെ രാത്രി തന്നെ മീഡിയ വണ്‍ മാനേജ്‌മെന്റ് രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും സാമുദായിക സൗഹ്യദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമെന്നും കുറിപ്പില്‍ പറയുന്നു. ഈ ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്നും മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും പൊടുന്നനെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.

SHARE