മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസിലെ മുഴവന്‍ പ്രതികളേയും വെറുതെ വിട്ട സ്പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഢിയുടെ രാജി ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളി. അവധി അവസാനിപ്പിച്ച് ഉടന്‍ ജോലിയില്‍ തിരികെയെത്താന്‍ ഹൈക്കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.കഴിഞ്ഞ തിങ്കളാഴ്ചയാണ് മക്ക മസ്ജിദ് സ്ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ട വിധി രവീന്ദര്‍ റെഡ്ഢി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം രവീന്ദര്‍ റെഡ്ഢി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് കൈമാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്നാണ് റെഡ്ഢി പറഞ്ഞത്.

 

2007 മെയ് 18ന് വെള്ളിയാഴ്ച ജുമുഅ സമയത്താണ് മക്കാ മസ്ജിദില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആര്‍എസ്എസ് മുന്‍ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉള്‍പ്പെടെയുള്ള അഞ്ച്‌പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം മൂലമാണ് വെറുതെ വിട്ടതെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നത്.