പാലത്തായി കേസും കുറ്റപത്രം സമര്‍പിച്ചതും അറിയില്ല; വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്നും എംസി ജോസഫൈന്‍

കണ്ണൂര്‍: പാലത്തതായി പീഡന കേസ് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ കൊട്ടിയൂര്‍ കേസ് തനിക്കറിയാമെന്നും അതില്‍ തനിക്ക് അഭിപ്രായമുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കുന്നു. പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ബിജെപി നേതാവ് ബലാത്സംഗം ചെയ്ത കേസ് സംബന്ധിച്ചാണ് വനിതാ കമ്മീഷന്‍ നിരുത്തരവാദപരമായ പറച്ചില്‍ നടത്തിയത്.

വനിതാ കമ്മീഷന് കുട്ടികളുടെ കേസ് എടുക്കാന്‍ അധികാരമില്ലെന്നും 18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റക്യതങ്ങള്‍ മാത്രമാണ് വനിതാ കമ്മീഷന്റെ അധികാരപരിധിയിലുള്ളതെന്നും എം.സി ജോസഫൈന്‍ വ്യക്തമാക്കി.

‘കുട്ടികളുടെ കേസ് സി.ഡബ്ല്യൂ.സി(ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി)യാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ വനിതാകമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ പത്രമാധ്യമങ്ങള്‍ മുഴുവന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ എടപ്പാള്‍ തിയേറ്ററില്‍ പോയി സിസിടിവി പരിശോധിക്കുകയും കുട്ടിയുടെ അമ്മ കൂടി ഇരുന്നിട്ടാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് മനസ്സിലാവുകയും ചെയ്തു. ആ കേസില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. വനിതാ കമ്മീഷന്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല’; എംസി ജോസഫൈന്‍ പറഞ്ഞു.

താന്‍ സെലക്റ്റീവായി ഇടപെടുന്നുണ്ടെന്നത് തെറ്റാണെന്നും സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തനിക്ക് ധൈര്യക്കുറവൊന്നുമില്ലെന്നും ഏത് വിഷയവും വര്‍ഗീയവത്കരിക്കുകയാണെന്നും എംസി ജോസഫൈന്‍ കൂട്ടിചേര്‍ത്തു.

പാലത്തായി കേസില്‍ താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ ചുമത്താതെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.