സൗദിയിലെ മുഹമ്മദ് ബിന്‍ രാജകുമാരന്‍ ഈജിപ്തില്‍; ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

കെയ്‌റോ: സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി എന്ന നിലയില്‍ മുഹമ്മദ് രാജകുമാരന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം ശക്തമാക്കാനും സംയുക്ത പദ്ധതികള്‍ തുടങ്ങാനും ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ധാരണയായി. ചെങ്കടലിലെ വിനോദ സഞ്ചാര മേഖലയെപ്പറ്റിയാണ് ഇരുവരും പ്രധാനമായും ചര്‍ച്ച നടത്തിയത് എന്ന് ഈജിപ്ത് പ്രസിഡണ്ടിന്റെ വക്താവ് അറിയിച്ചു.

മുഹമ്മദ് ബിന്‍ സല്‍മാനെ ചുവന്ന പരവതാനി വിരിച്ചാണ് സിസി കെയ്‌റോ വിമാനത്താവളത്തില്‍ വരവേറ്റത്. അദ്ദേഹത്തിന്റെ വിമാനം ഈജിപ്തിന്റെ വ്യോമ മേഖലയില്‍ പ്രവേശിച്ചതിനു ശേഷം ഈജിപ്ഷ്യന്‍ യുദ്ധ വിമാനങ്ങള്‍ അകമ്പടി നല്‍കി.

സിസിയുമായി ഉടന്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു കൂടിക്കാഴ്ച കൂടി നടത്തും. ബുധനാഴ്ച അദ്ദേഹം ബ്രിട്ടനിലേക്കും ഈ മാസം അവസാനത്തില്‍ അമേരിക്കയിലേക്കും പോകും. മേഖലയിലെ പ്രധാന സഖ്യകക്ഷിയായാണ് സൗദി ഈജിപ്തിനെ കാണുന്നത്. ഖത്തറിനെതിരായ ഉപരോധത്തിന് നേതൃത്വം നല്‍കിയത് സൗദിയും ഈജിപ്തും ചേര്‍ന്നാണ്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും ഈജിപ്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നാണ് സൗദി കരുതുന്നത്. യമന്‍ യുദ്ധത്തിലും ഇറാനുമായുള്ള സമീപനത്തിലും സൗദിയുടെ നിലപാടിനെ പിന്തുണക്കുകയാണ് ഈജിപ്ത് ചെയ്യുന്നത്.

മാര്‍ച്ച് അവസാനത്തില്‍ ഈജിപ്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. 2013-ല്‍ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സിസി അധികാരം സ്ഥാപിച്ചത്. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും സിസി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.