‘ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും’; മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു.

ബി.എസ്.പി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ എസ്.പി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറന്നാണ് ബി.സ്.പി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതെന്ന് മായാവതി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവിന്റെ നിലപാട് കാണുമ്പോള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ എതിരിട്ട് തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും മായാവതി ട്വീറ്റില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്.പിയുടെ പെരുമാറ്റമാണ് ബി.എസ്.പിയെ പുനരാലോചനക്ക് പ്രേരിപ്പിച്ചത്. അവരുമായി ചേര്‍ന്ന് ഒരിക്കലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിഎസ്പി-എസ്.പി സഖ്യം രൂപീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സഖ്യത്തിന് കഴിഞ്ഞില്ല. ബി.എസ്.പിക്ക് പത്തും എസ്.പിക്ക് അഞ്ചുസീറ്റുമാണ് ലഭിച്ചത്.