അംബേദ്ക്കറുടെ പേര് മാറ്റല്‍; യോഗിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു. അംബേദ്ക്കറിന്റെ പേരിന് നടുവില്‍ ഇനി മുതല്‍ ‘രാംജി’ എന്ന് കൂടി ചേര്‍ക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ്.

ഔദ്യോഗിക രേഖകളില്‍ ഡോ. ഭീം റാവു അംബേദ്കര്‍ എന്ന് രേഖപ്പെടുത്തിയിരുന്നത്, ഇനി മുതല്‍ ‘ഭീം റാവു രാംജി അംബേദ്കര്‍’ എന്നാക്കണമെന്നാണ് പുതിയ ഉത്തരവിലൂടെ യുപിയിലെ ബിജെപി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണര്‍ രാം നായികിന്റെ നിര്‍ദേശ പ്രകാരമാണ് യു.പി സര്‍ക്കാര്‍ അംബേദ്കറിന്റെ പേരില്‍ പരിഷ്‌കാരം വരുത്തിയിട്ടുള്ളത്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വകുപ്പുകള്‍ക്കും, ലഖ്‌നൗ, അലഹാബാദ് ഹൈക്കോടതി ബെഞ്ചുകള്‍ക്കും നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും അംബേദ്ക്കറിന്റെ ചെറുമക്കളും രംഗത്തെത്തി. യു.പി സര്‍ക്കാരിന്റെ നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അംബേദ്കര്‍ രാമ ഭക്തനാണെന്ന് അവര്‍ വോട്ടര്‍മാരോട് പറഞ്ഞേക്കാമെന്നും പ്രകാശ് അംബേദ്കറും ആനന്ദ് അംബേദ്കറും വ്യക്തമാക്കി. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളില്ല. അംബേദ്കറിന്റെ അച്ഛന്റെ പേര് കൂടി അദ്ദേഹത്തിന്റെ പേരിനൊപ്പം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ അഭിപ്രായപ്പെടുന്നത്.