മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന പ്രചാരണം; സത്യം ഇതാണ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വ്യാപകമായി പ്രചാരണം. നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ച മറ്റൊരു യുവതിയുടെ ദൃശ്യങ്ങടക്കം ഷെയര്‍ ചെയ്താണ് പ്രചാരണം നടക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.


ഒരാഴ്ച്ച മുമ്പ് മായാവതി ബി.ജെ.പിക്കെതിരേയും, ആര്‍.എസ്.എസിനെതിരേയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ദളിത് പീഡനം തുടരുകയാണെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറുമെന്നായിരുന്നു മായാവതിയുടെ മുന്നറിയിപ്പ്. ദളിത് പീഡനം തുടരാനാണ് ഭാവമെങ്കില്‍ ദളിത് നേതാക്കളുള്‍പ്പെടെ ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് മാറുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മറ്റൊരു സമാജ് വാദി പാര്‍ട്ടിക്കാരി മതം മാറിയ വാര്‍ത്തയാണ് ഇതിനോടൊപ്പമുള്ള ദൃശ്യങ്ങളില്‍. ആര്‍.എസ്.എസ് അനുകൂല ചാനലായ ഇന്ത്യാ ടി.വിയാണ് ഈ വാര്‍ത്ത കെട്ടിച്ചമച്ചതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ബി.ജെ.പി അനുകൂല ധ്രുവീകരണത്തിന് കെട്ടിച്ചമച്ചതാണ് വാര്‍ത്തയെന്നാണ് റിപ്പോര്‍ട്ട്.