ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ അനുഭവപ്പെട്ടത്. 1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയാണ് സഫ്ദര്‍ജംഗില്ലേത്. 1997 ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 11.3 ഡിഗ്രിയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനില.

അതേസമയം ഡല്‍ഹിയില്‍ ഇന്ന് രാവലെത്തെ താപനിലയില്‍ നേരിയ ശമനം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലച്ചെ രേഖപ്പെടുത്തിയ കണക്കുകള്‍പ്രകാരം ഡല്‍ഹി, ഹരിയാന, ചണ്ഡിഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ താപനിലയില്‍ ആശ്വാസകരമായ മാറ്റം കാണിക്കുന്നണ്ട്. എന്നാലും, കിഴക്കന്‍ ഉത്തര്‍പ്രദേശിനെയും ബീഹാറിനെയും സംബന്ധിച്ച് അവിടെ ഇപ്പോഴും മൈനസ് ഡിഗ്രിയിലാണ്.

അതേസമയം കൊടും കടുത്ത തണുപ്പിനെ അവഗണിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ വനിതകളുടെ പ്രക്ഷോഭം തുടരുകയാണ്. ഡല്‍ഹി പാലം വിമാനത്താവളം അടക്കമുള്ള പ്രദേശങ്ങള്‍ തിങ്കളാഴ്ച ഒമ്പത് ഡിഗ്രി സെല്‍ഷ്യല്‍സോളം താപനില താഴ്ന്നു. ഡല്‍ഹിയില്‍ ഒമ്പത് ഡിഗ്രിയിലും താഴെ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുമുണ്ട്. ഡല്‍ഹി ആയാ നഗറില്‍ 7.8, റിഡ്ജില്‍ 8.4 എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങള്‍. ഡല്‍ഹി ലോധി റോഡില്‍ 9.2 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിനങ്ങളില്‍ ഇനിയും താപനില കുറയാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

നിലവില്‍ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ശക്തമായ പുകമഞ്ഞില്‍ മൂടി നില്‍ക്കുകയാണ് ഡല്‍ഹി. ഇതേതുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള 40 വിമാന സര്‍വീസുകള്‍ മോശം കാലവാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് പുറമെ ട്രെയിന്‍ സര്‍വീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വൈകി.

SHARE