കോഴിക്കോട്: മാവൂർ സർവിസ് സഹകരണ ബാങ്കിനായി ഭൂമി വാങ്ങിയതിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയത് കോടികളുടെ അഴിമതി. വൻതുക നൽകി മാവൂർ കൽപള്ളിക്കടുത്ത് കാര്യാട്ട്താഴത്ത് 2.17 ഏക്കർ ഭൂമി വാങ്ങിയതിലാണ് സിപിഎം നേതാക്കള്‍ വന്‍ അഴിമതി നടത്തിയത്. അഴിമതി പുറത്തുവന്നതോടെ ഏതാനും പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമം. നടപടിയെടുത്തതോടെ പാര്‍ട്ടി നേതാക്കന്മാര് തട്ടിപ്പ് നടത്തിയെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റി ശരിവെച്ച നടപടി ബുധനാഴ്ച മാവൂർ പഞ്ചായത്തിലെ മാവൂർ, കണ്ണിപ്പറമ്പ്, ചെറൂപ്പ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ട് ചെയ്തു.
രണ്ടര വർഷം മുമ്പ് സെന്റിന് 2.90 ലക്ഷം രൂപക്ക് ഫ്ലാറ്റ് നിർമിക്കാൻ ഒരുകൂട്ടർ കച്ചവടം ഉറപ്പിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തിരുന്നതായി പാർട്ടി പ്രവർത്തകർതന്നെ അന്വേഷണ കമീഷൻ മുമ്പാകെ പറഞ്ഞിരുന്നു. ഇതേ ഭൂമിയാണ് സെന്റിന് 4.60 ലക്ഷം രൂപയെന്ന അമിതവില നൽകി വാങ്ങിയതെന്നാണ് ആരോപണം. സിപിഎം ഏരിയ കമ്മിറ്റി അംഗവും 15 വർഷം മാവൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എം. ധർമജനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ബാങ്ക് പ്രസിഡൻറ് കെ.സി. രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എൻ. ബാലചന്ദ്രൻ, മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രൻ, കണ്ണിപ്പറമ്പ് ലോക്കൽ സെക്രട്ടറി എൻ. മനോജ് എന്നിവരെ പരസ്യമായി ശാസിച്ചു.
ബാങ്ക് സബ് കമ്മിറ്റിയിൽനിന്നും ധർമജനെ നീക്കി.വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന സ്ഥലമാണ് ബാങ്കിനായി വാങ്ങിയതെന്നാണ് ആരോപണം. കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ അന്വേഷണത്തിൽ ആരോപണവിധേയർക്ക് കൃത്യമായ വിശദീകരണം നൽകാനായിരുന്നില്ല. തുടർന്നാണ് ജില്ല കമ്മിറ്റി അച്ചടക്ക നടപടിക്ക് അനുവാദം നൽകിയത്. സ്ഥലത്തിന്റെ വാല്വേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കോഴിക്കോട് താലൂക്കിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്.