പോര്‍ട്ട് എലിസബത്ത്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒത്തുകളിയുടെ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയുടേയും ലുങ്കി എന്‍ഗിഡിയുടേയും ട്വീറ്റുകളാണ് മത്സരം ഒത്തുകളിയുമായി ബന്ധമുണ്ടെന്ന സംശയത്തിന് വഴിയൊരുക്കിയത്.
‘എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം പണമാണ്. അവര്‍ പറഞ്ഞു’ എന്നായിരുന്നു. റബാദയുടെ ട്വീറ്റ്. സമാനമായ ട്വീറ്റുമായി എന്‍ഗിഡിയും വന്നതോടെ സംഭവം വിവാദമാവുകയായരിരുന്നു. നേരത്തെ അഞ്ചാം ഏകദിനത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് റബാദക്കെതിരെ ഐസിസി നടപടിയെടുത്തിനു പിന്നാലെയാണ് റബാഡയുടെ ട്വീറ്റും എന്നതും ശ്രദ്ധേയമാണ്. രണ്ട് കളിക്കാരുടേയും ട്വീറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും വിവാദമാകുകയും ചെയ്തതോടെ അവര്‍ തന്നെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും പരമ്പരയില്‍ ഒത്തുകളി നടന്നെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം. എന്തായാലും ഒത്തുകളി സ്ഥിരികരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
ആറു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര നേട്ടം എന്ന ചരിത്ര നേട്ടം നായകന് വിരാട് കോഹ്ലിക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. പരമ്പര വിജയത്തിനു പിന്നാലെ ഐ.സി.സി ഏകദിന റാങ്കിങില്‍ ദക്ഷിണാഫ്രിക്കയെ പിന്തണ്ണി ഒന്നാമത് എത്താനും ടീം ഇന്ത്യക്കായി. ചരിത്ര നേട്ടത്തിന്റെ ആഹ്ലാദം കെട്ടടങ്ങും മുന്നെയാണ് ഇത്തരമൊരു വിവാദവുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ രംഗപ്രവേശനം.
ട്വീറ്റുകള്‍ക്ക് വന്‍ വിവാദമായതോടെ വിശദീകരണവുമായി പിന്നീട് റബാഡ തന്നെ രംഗത്തെത്തി. ഞങ്ങളുടെ ട്വീറ്റുകള്‍ക്ക് ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണ ട്വീറ്റാണ് റബാഡ കുറിച്ചത്.
Myself and @NgidiLungi tweets had nothing to do with cricket. 🙂
— kagiso rabada (@KagisoRabada25) February 14, 2018
ഇതിനു മുമ്പ് ദ്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കോഴ-ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. 2000 ല്‍ ഇന്ത്യ്ക്കെതിരായ മത്സരത്തില്‍ അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഹാന്‍സി ക്രോണിയ 1.20 കോടി രൂപ കോഴ വാങ്ങിയതായി ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഹെന്റി വില്യംസ്, ഹെര്‍ഷന്‍ ഗിബ്സ് എന്നിവരും കോഴയാരോപണത്തില്‍ നടപടി നേരിട്ടവരാണ്.