മുന്‍കൂട്ടി അറിയിക്കാതെ അന്വേഷണത്തിനെത്തിയെന്നു ചൂണ്ടിക്കാട്ടി കൊറോണ വൈറസ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍. പ്രതിപക്ഷം ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നാലിടത്തേക്കാണു ലോക്ഡൗണ്‍ നിര്‍ദേശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘങ്ങളെ അയച്ചത്. മമത സര്‍ക്കാര്‍ ഇതില്‍ കടുത്ത എതിര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.
‘വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്ന് സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പുറത്തുപോകാന്‍ കഴിയില്ലെന്നും ഇന്ന് അറിയിക്കുകയായിരുന്നു.’ കൊല്‍ക്കത്ത സംഘത്തെ നയിക്കുന്ന മുതിര്‍ന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥ അപൂര്‍വ ചന്ദ്ര പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെത്തിയ കേന്ദ്രസംഘങ്ങള്ക്കു യാതൊരു തടസ്സവും കൂടാതെ എല്ലായിടങ്ങളും സന്ദര്‍ശിച്ച് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു.
ബംഗാളില്‍ കൊല്‍ക്കത്ത ഉള്‍പ്പെടെ ഏഴു ജില്ലകളാണു പട്ടികയിലുള്ളത്. കൊല്‍ക്കത്ത, ഹൗറ, മിഡ്നാപുര് ഈസ്റ്റ്, 24 പര്‍ഗാനാസ് നോര്‍ത്ത്, ഡാര്‍ജിലിങ്, കലിംപോങ്, ജയ്പാല്‍ഗുരി, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണു കേന്ദ്രസംഘം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രസംഘം ബംഗാളിലെ ഏഴു നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിക്കാണു വിവരം അറിയിച്ചതെന്നും എന്നാല്‍ രാവിലെ തന്നെ സംഘം കൊല്‍ക്കത്തയില്‍ എത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞിരുന്നു.