മാസ്ക് നമ്മുടെ ജീവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാസ്കുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മള് ഇതിനോടകം തന്നെ അറിഞ്ഞതുമാണ്. ഒരു വ്യക്തിയുടെ മാസ്ക് മറ്റൊരാള്‍ ഉപയോഗിക്കരുത്, ഉപേയോഗിച്ചതിന് ശേഷം വൃത്തിയാക്കി സൂക്ഷിക്കുക എന്ന് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് നമുക്ക് ബോധ്യവുമുണ്ട്. മാസ്ക് ഇപ്പോള്‍ വീട്ടിനുള്ളിലും ധരിക്കണം എന്ന് വിദഗ്ധര്‍ പറയുന്ന ഈ ഘട്ടത്തില്‍ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആ തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം .
1.ഭാരത സര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ചു നിങ്ങളുടെ ഫെയ്സ്മാസ്ക് മൂക്കും വായും പൂര്‍ണമായും മൂടുന്നതായിരിക്കണം. എന്‍ 95 മാസ്ക്കുകള്‍ക്കു സാധാരണയായി വാല്‍വുകള്‍ ഉണ്ട്. ഇവ മാസ്കില്‍ നിന്നു വൈറസിനെ തടയുന്നില്ല. സാധാരണയായി ഉഛ്വാസവായുവിലെ മാലിന്യവസ്തുക്കളെ പുറന്തള്ളാനും, സ്മോഗ് ഉള്ളപ്പോഴോ എയര്‍കണ്ടീഷന്റെ ഉപയോഗം ദോഷകരമായി ബാധിക്കുന്നവരോ മാത്രമാണ് എന്‍ 95 മാസ്ക്കുകള്‍ ഉപയോഗിക്കുന്നത് .
2.മാസ്ക് ഓരോ തവണ ഉപയോഗിച്ച ശേഷവും അത് കഴുകി വൃത്തിയാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം എന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ മാസ്ക്ക് ഊരി വയ്ക്കുന്ന സ്ഥലവും മലിനമാക്കപ്പെടുകയാണെന്ന് അറിയാമോ ? ഉപയോഗിച്ച ശേഷം ഉടന്‍ തന്നെ മാസ്ക് കഴുകി വൃത്തിയാക്കണം എന്നത് വളരെ പ്രധാനമാണ്.
3.ദിവസം മുഴുവനും ഓഫീസില്‍ ചെലവിടുന്നവരുണ്ടാകാം, പൊതുസ്ഥലങ്ങളില്‍ ചെലവഴിക്കുന്നവരുണ്ടാകാം. ഇങ്ങനെയുള്ളപ്പോള്‍ ദിവസം മുഴുവന്‍ ഒരു മാസ്ക് തന്നെ ധരിക്കേണ്ടിയും വരാം. എന്നാല്‍ നിങ്ങള്‍ ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ അണുബാധയ്ക്കു കാരണമാകുന്ന കീടാണുക്കളും രോഗാണുക്കളും എല്ലാം മാസ്ക്കില് അടിഞ്ഞു കൂടും.
4.അടുത്തൊന്നും ആരുമില്ലെങ്കില്‍ ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി നമ്മള് പലപ്പോഴും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട് എന്നാല്‍ ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് നാം മനസിലാക്കുന്നില്ല . കഴുത്തില്‍ വിയര്‍പ്പും അഴുക്കും രോഗാണുക്കളും എല്ലാം ഉണ്ടാവും. ഇതുപോലെ മാസ്ക് നെറ്റിയിലേക്ക് വലിച്ചുയര്‍ത്തുന്നതും ശരിയല്ല .
5 .മാസ്ക് അണുനാശകങ്ങള്‍ ഉപയോഗിച്ച് ഡിസ് ഇന്‍ഫെക്ട് ചെയ്യുന്നത് രോഗ സാധ്യത കുറയ്ക്കാന്‍ നല്ലതാണെന്നു തോന്നാം. എന്നാല്‍ മാസ്ക് നനയുന്നത് മൂലം അതിന്റെ ഫലപ്രാപ്തി കുറയും മാത്രമല്ല അണുനാശകങ്ങള്‍ ശ്വസിക്കുന്നതും അപകടകരമാണ്; അലര്‍ജിയോ ആസ്മയോ ഉള്ളവര്‍ പ്രത്യേകിച്ചും . നന്നായി തുന്നിയ കോട്ടണ്‍ മാസ്ക്ക് ആണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ തവണയും ഉപയോഗിച്ചശേഷം നനച്ചുണക്കാം. ശ്വസിക്കാനും പ്രയാസമില്ല മാത്രമല്ല ഇവ രോഗാണുക്കളെ തടയുകയും ചെയ്യും.