കോവിഡ് രോഗ വ്യാപനം തടയാന്‍ സാമൂഹിക അകലത്തേക്കാള്‍ ഫലം ചെയ്യും ഈ സംഗതി; കണ്ടെത്തലുമായി ഗവേഷകര്‍


കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം മാസ്‌ക് ധരിക്കലാണെന്ന് പഠനം. സാമൂഹിക അകലത്തേക്കാള്‍ മാസ്‌കാണ് കൂടുതല്‍ മികച്ച മാര്‍ഗമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മാസ്‌ക് ധരിക്കുന്നതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് രോഗവ്യാപനത്തില്‍ നിന്നും രക്ഷനേടാനാകും. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പഠനത്തിലാണ് മാസ്‌കിന്റെ ഗുണങ്ങള്‍ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ സാമൂഹിക അകലവും ലോക്ക്ഡൗണുമാണ് മിക്ക രാജ്യങ്ങളിലും അനുവര്‍ത്തിക്കുന്നത്.

കോവിഡ് രൂക്ഷമായ ഇറ്റലിയില്‍ ഏപ്രില്‍ 6 മുതലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 17 നും മാസ്‌ക് നിര്‍ബന്ധമാക്കി. ഇതിന് ശേഷം രോഗവ്യാപനം കുറഞ്ഞതായി പഠനം പറയുന്നു.

ന്യൂയോര്‍ക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിന് ശേഷം രോഗവ്യാപനം ദിവസേന മൂന്ന് ശതമാനം കുറഞ്ഞതായാണ് കണ്ടെത്തല്‍. ഇതേസമയം, മാസ്‌ക് നിര്‍ബന്ധമാക്കിതിരുന്ന മറ്റ് പ്രദേശങ്ങളില്‍ രോഗവ്യാപനം കൂടിയെന്നും പഠനം പറയുന്നു.സാമൂഹിക അകലം, ക്വാറന്റൈന്‍, ഐസൊലേഷന്‍, സാനിറ്റൈസിങ് എന്നീ മാര്‍ഗങ്ങളായിരുന്നു ഇറ്റലിയിലും ന്യൂയോര്‍ക്കിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ വൈറസ് പകരുന്നത് തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിലൂടെ രോഗവ്യാപനം കുറയ്ക്കാന്‍ സാധിച്ചെന്ന് പഠനം വ്യക്തമാക്കുന്നു.

വൈറസ് വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെയും വായിലൂടെയുമാണ് എന്നതിനാലാണ് മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ ഫലപ്രദമാകുന്നത്.

SHARE