മാസ്‌ക് ധരിക്കാത്തതിന് പൊലീസിന്റെ ക്രൂരത; മര്‍ദനത്തിനിരയായ ദലിത് യുവാവ് മരിച്ചു


ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ദലിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. അതേതുടര്‍ന്ന് 25കാരനായ യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി അച്ചര്‍ള കിരണ്‍കുമാറിനെയാണ് എസ്‌ഐ മര്‍ദിച്ചത്.
മോട്ടോര്‍ സൈക്കിളില്‍ ചിരാല വഴി യാത്ര ചെയ്യുന്നതിനിടെ അച്ചര്‍ള കിരണ്‍കുമാറിനെ ജൂലൈ 18ന് പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് പൊലീസും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു. സുഹൃത്തായ ഷൈനി എബ്രഹാം കൂടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഇരുവരെയും സബ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ നിര്‍ബന്ധപൂര്‍വം ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു. ജീപ്പില്‍ നിന്നും കുമാര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അതില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റന്നും പൊലീസ് വിശദീകരിച്ചു. റോഡില്‍ രക്തകറയുണ്ടായെന്നും റോഡില്‍ മുടികളുണ്ടായെന്നും ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. കിരണിന്റെ രക്ത പരിശോധനയില്‍ 122 മില്ലി മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അതെ സമയം കുമാറിന്റെ ബന്ധുക്കള്‍ പൊലീസിനെതിരെ കടുത്ത ആരോപണവുമായി എത്തിയിട്ടുണ്ട്. പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിലാണ് കുമാറിന്റെ തലക്ക് ഗുരുതര പരിക്ക് പറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുമാറിനെ തൊട്ടടുത്തുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

SHARE