മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം: അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു

ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് മരിച്ചത്.

ആന്ധ്രാപ്രദേശിലെ ഗൂണ്ടുരിലെ റെന്ത്ചിന്താലയിലാണ് സംഭവം. കര്‍ണാട്ടി ഫാത്തിമയാണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മരിച്ചത്. മുഖാവരണം ധരിക്കാതെ കര്‍ണാട്ടി ഫാത്തിമയുടെ അച്ഛനായ കര്‍ണാട്ടി യലമണ്ഡല പ്രദേശത്ത് സഞ്ചരിക്കുന്നത് ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പ്രശ്‌നം ഉണ്ടാക്കിയ യുവാക്കള്‍ മുഖാവരണം ധരിക്കാതെ നില്‍ക്കുന്നത് യലമണ്ഡലയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ആദ്യം വാക്കേറ്റത്തിലും പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

യലമണ്ഡലയെ വടി ഉപയോഗിച്ച് യുവാക്കള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മകള്‍ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടെ ആക്രമണത്തില്‍ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അച്ഛന്റെ പരാതിയില്‍ കൊലപാതക കുറ്റം ചുമത്തി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.

SHARE