മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

മലപ്പുറം: കൊവിഡ് വ്യാപനഭീതി പൂര്‍വ്വാധികം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ‌

സര്‍ക്കാര്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് കൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പള്ളികളിലെ പ്രാര്‍ഥനകള്‍ നടത്തല്‍ പ്രായോഗികമല്ല. കൊവിഡ് സാമൂഹ്യ വ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളത്. ആയതിനാല്‍ പള്ളികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് എല്ലാ സംഘടനകള്‍ക്കുമുള്ളതെന്ന് തങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലാ മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തി എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയ്ക്ക് പുറമേ, സംസ്ഥാനത്ത് നഗരമേഖലകളിലുള്ള പല പള്ളികളും തല്‍ക്കാലം തുറക്കേണ്ടതില്ല എന്നാണ് സംഘടനകളുടെ തീരുമാനം.

SHARE