കൈപിടിക്കാന്‍ അച്ഛനില്ല; അഞ്ജുവിന്റെ വിവാഹം ഏറ്റെടുത്ത് പള്ളിക്കമ്മിറ്റി

കായംകുളം: മുസ്ലിം പള്ളിയില്‍ വെച്ചു നടത്തുന്ന മകളുടെ കല്യാണത്തിന് ബന്ധുക്കളെ ക്ഷണിക്കുന്നതിന്റെ തിരക്കിലാണ് ബിന്ദു. പള്ളിക്കമ്മിറ്റിയുടെ ലെറ്റര്‍പാടില്‍ തയാറാക്കിയ പ്രത്യേക വിവാഹ ക്ഷണക്കത്ത് നല്‍കിയാണ് ക്ഷണം. 19ന് ചേരാവള്ളി ജമാഅത്ത് അങ്കണത്തില്‍ വെച്ച് ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തുമാണ് 19ന് മസ്ജിദ് അങ്കണത്തില്‍ വെച്ച് വിവാഹിതരാവുന്നത്. ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടക്കുക.

ബിന്ദുവിന്റെ ഭര്‍ത്താവ് അശോകന്‍ രണ്ടു കൊല്ലം മുമ്പ് മരിച്ചു. അതോടെ ബിന്ദുവും മൂന്നു മക്കളും അനാഥരായി. മകള്‍ അഞ്ജുവിന് വിവാഹ പ്രായമെത്തിയതോടെ കെട്ടിച്ചയക്കുന്നതിന്റെ ഉത്തരവാദിത്വം പള്ളിക്കമ്മിറ്റി നിര്‍വഹിക്കുകയായിരുന്നു. ക്ഷണക്കത്ത് മുതല്‍ സ്വര്‍ണാഭരണങ്ങളും ഭക്ഷണവുമള്‍പ്പെടെ മുഴുവന്‍ ചെലവും വഹിക്കുന്നത് പള്ളിക്കമ്മിറ്റി തന്നെയാണ്.

അയല്‍ക്കാരനായ ജമാഅത്ത് സെക്രട്ടറി നജ്മുദ്ദീന്‍ ആലുംമൂട്ടിലിന്റെ നിര്‍ദേശപ്രകാരമാണ് ബിന്ദു ജമാഅത്ത് കമ്മിറ്റിയോട് സഹായം തേടിയത്. സഹോദരിക്കു ചെയ്തു നല്‍കേണ്ട നന്മയാണതെന്ന് ജമാഅത്ത് കമ്മിറ്റി തിരിച്ചറിഞ്ഞു. ചെലവു വഹിക്കാന്‍ ഒരു ജമാഅത്ത് അംഗം മുന്നോട്ടു വരികയും ചെയ്തു.

അഞ്ജുവിന്റെ വിവാഹത്തിന്റെ ആഘോഷങ്ങളെ കുറിച്ചും അവസാനവട്ട ഒരുക്കങ്ങളെ കുറിച്ചും തീരുമാനിക്കാന്‍ വെള്ളിയാഴ്ച പ്രത്യേക ജനറല്‍ ബോഡി യോഗവും ചേരുന്നുണ്ട്.

SHARE