പാഠപുസ്തകങ്ങളില്‍ ബോധപൂര്‍വമായ വെട്ടിമാറ്റലുകള്‍ നടക്കുന്നു: കെ.എസ്.ടി.യു

കോഴിക്കോട്: പാഠപുസ്തകങ്ങളില്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യവിരുദ്ധവും അക്കാദമിക് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കൂട്ടിചേര്‍ക്കുന്നതിന്റെയും നവീകരണത്തിന്റെയും മറവില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാറെന്ന് അദ്ദേഹം അരോപിച്ചു. നീക്കം ചെയ്യുന്ന ഭാഗങ്ങളെ കുറിച്ചോ പുതിയ നവീകരണങ്ങളെ കുറിച്ചോ ഒരറിവും പുറുത്തുവിട്ടിട്ടില്ലെന്നും കരിക്കുലം കമ്മിറ്റി അംഗങ്ങളില്‍ നിന്നുപോലും മറച്ചുവെച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്നും ചെറിയ മുഹമ്മദ് പറഞ്ഞു.

ഒമ്പതാം ക്ലാസിലെ 20 പുസ്തകങ്ങളും പത്താം ക്ലാസിലെ 20 പുസ്തകങ്ങളിലുമാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്. മലയാള പുസ്തകങ്ങളില്‍ ചില പാഠങ്ങള്‍ പകരം വെച്ചപ്പോള്‍ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളില്‍ ബോധപൂര്‍വമായ ചില ഒഴിവാക്കലുകളാണ് നടന്നത്. വൈദേശികാധിപത്യത്തിനെതിരെ പടപൊരുതിയ കുഞ്ഞാലി മരയ്ക്കാരെയും വേലുതമ്പി ദളവയെയും പാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ പ്രാമാണിക ചരിത്രഗ്രന്ഥമായ തുഅ്് ഫത്തൂല്‍ മുജാഹിദീനും അതിന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്്ദൂമും ഖാസി മുഹമ്മദിന്റെ കവിതയും പടപ്പാട്ടുകളും തമസ്്കരിക്കപ്പെട്ടത് ദുരൂഹമാണെന്നും സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.

ചേറ്റൂര്‍ ശങ്കരന്‍ നായരെ പറ്റി മലയാളികള്‍ പഠിക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്്‌റുവിനെ പറ്റി സി.പി ശ്രീധരന്റെ ലേഖനം പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ പിന്നിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. ശ്രീധരന്റെ ലേഖനത്തിന് പകരം ഇന്ത്യയെ കണ്ടെത്തലില്‍ നിന്ന് ശ്രീബുദ്ധനെ പറ്റി പഠിച്ചാല്‍ മതിയെന്ന തീരുമാനം ബുദ്ധിശൂന്യതയാണെന്ന് ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട്് എ.കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ എന്നിവരും സംബന്ധിച്ചു.