മാര്‍ക്‌സും മതവും മാര്‍ക്‌സിസവും

ഇ സാദിഖ് അലി

മാര്‍ക്‌സിന്റെ ദൈവനിഷേധവും മതനിരാസവും നിരുപാധികമായിരുന്നില്ല, സാഹചര്യപ്രേരിതമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. തന്റെ സ്ഥിതിസമത്വമെന്ന മഹത്തായ സങ്കല്‍പത്തിന് വിഘാതമായി മതത്തെയും ദൈവത്തെയും കണ്ടതിനാലാണത്രേ അദ്ദേഹത്തിനവ പറ്റാതായത്. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രഡറിക് നീത്ഷയെ പോലുള്ളവര്‍ നിരുപാധികമായ ദൈവ നിഷേധത്തിന്റെ വക്താക്കളായി രംഗത്ത് വരികയായിരുന്നു. മാര്‍ക്‌സാവട്ടെ ജനങ്ങളെ മയക്കുന്ന കറുപ്പായി മതത്തെ ദര്‍ശിച്ചത്‌കൊണ്ട് അവരെ മയക്കത്തില്‍നിന്ന് ഉണര്‍ത്തേണ്ടതാവശ്യമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മതത്തെയും ദൈവത്തെയും നിഷേധിക്കാന്‍ തയ്യാറായത്.
പ്രത്യയശാസ്ത്രപരമായി വേണ്ടുംവണ്ണം മാര്‍ക്‌സിസത്തെ വിലയിരുത്താത്തവരും അതിന്റെ വിമോചന സങ്കല്‍പ്പത്തിലും സമത്വ സിദ്ധാന്തത്തിലും ആകൃഷ്ടരായവരുമായ മതപശ്ചാത്തലമുള്ള ഏതാനുമാളുകളാണ് മാര്‍ക്‌സിന്റെ ദൈവനിഷേധത്തെയും മതനിരാകരണത്തെയും ഇപ്രകാരം ലാഘവബുദ്ധിയോടെ സമീപിച്ച് വിട്ടുവീഴ്ച നല്‍കി അംഗീകരിക്കാന്‍ കൂട്ടാക്കുന്നത്. ഇത്തരമൊരു ധാരണ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയ മാര്‍ക്‌സിസ്റ്റുകാര്‍ വിജയിക്കുന്നതിന്റെ ഫലം കൂടിയാണിത്.

മതവിശ്വാസം മുറുകെ പിടിച്ചുകൊണ്ട് തന്നെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ മാര്‍ക്‌സിസ്റ്റുകാരുമായി ഭാഗഭാഗിത്ത്വവും കൂട്ടുകെട്ടും ഗുണകരമായിരുന്നുവെന്ന ചിന്ത വെച്ചുപുലര്‍ത്തുകയും അതിന് പ്രായോഗിക രൂപങ്ങളെ നല്‍കുകയും ചെയ്യുന്നു അവര്‍. ‘പ്രോമിത്യൂസിന്റെ വിശ്വാസത്തോടാണ് തത്വചിന്ത കടപ്പെട്ടിരിക്കുന്നത്. പൊതുവില്‍ എനിക്ക് ദേവന്‍മാരോടു വെറുപ്പ് തോന്നുന്നു. ദൈവാസ്തിക്യത്തിന്റെ തെളിവുകളെല്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ നിഷേധിക്കുകയാണ്. പ്രകൃതിക്ക് ശരിയായ ക്രമമില്ലാത്തതിനാല്‍ ദൈവമുണ്ട്. അതായത് ദൈവാസ്തിക്യത്തിന്റെ അടിസ്ഥാനം യുക്തിരാഹിത്യമാണ്.’

ഗ്രീക്ക് പുരാണത്തിലെ ദേവനായ പ്രോമിത്യൂസ് മറ്റ് ദേവന്മാരെ കബളിപ്പിച്ച് ദിവ്യാഗ്നി ഭൂമിയിലെ മനുഷ്യര്‍ക്കെത്തിച്ചുകൊടുത്തപ്പോള്‍ അതറിഞ്ഞ മഹാദേവന്‍ സ്യൂസ് പ്രോമിത്യൂസിനെ തടവില്‍ പാര്‍പ്പിച്ചതാണ് ഐതിഹ്യം. മനുഷ്യരെന്നും അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയാണ് ദേവനായ സ്യൂസുള്‍പ്പടെ എല്ലാ ദേവന്മാര്‍ക്കും വേണ്ടിയിരുന്നത്. ഇതിന് വിപരീതമായി മനുഷ്യന് പ്രകാശവും വിജ്ഞാനവും ലഭ്യമാകണമെന്ന താത്പര്യം തോന്നിയ പ്രോമിത്യൂസിനെ അടിസ്ഥാനപ്പെടുത്തി യുള്ള പുരാവൃത്തമാണ് സുപ്രസിദ്ധ ഹ്യൂമണിസ്റ്റ് സാമൂഹിക ശാസ്ത്രകാരന്മാരായ സെന്റ് സൈമണും ഫ്രൂഫോണും വളര്‍ത്തിയെടുത്തത്. ഇവരുടെ സ്വാധീനത്തിലകപ്പെട്ട മാര്‍ക്‌സ് ഗ്രീക്കുമായ ഒരു മതസങ്കല്പമാണ് ഉള്‍കൊണ്ടത്. ദൈവവും മനുഷ്യനും ശത്രുതാപരമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന ധാരണ അദ്ദേഹം വെച്ചുപുലര്‍ത്തി. അല്ലെങ്കില്‍ സ്ഥാപിച്ചെടുത്തു.

ഗ്രീക്ക് പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭാവനയില്‍നിന്ന് വിഭിന്നമായ ഒരു കാഴ്ചപ്പാടാണ് വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോക മനുഷ്യനും ദൈവവും മതങ്ങളിലെല്ലാം സംബന്ധിച്ചുള്ളത് എന്ന വസ്തുത ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും ധൃതിപ്പെട്ട് ഒരു സങ്കല്‍പമുണ്ടാക്കിയതാണ് മാര്‍ക്‌സിന് പറ്റിയ തെറ്റ്. മതത്തെയും ദൈവത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ മറ്റെല്ലാ അബദ്ധങ്ങളും അതില്‍ നിന്നുത്ഭവിക്കുന്നു.

പ്രകൃതിക്ക് ശരിയായ ക്രമമില്ലാത്തതിനാല്‍ ദൈവമുണ്ട് എന്നല്ല പ്രപഞ്ചത്തിനും പ്രകൃതിക്കും ശരിയായ ക്രമവും വ്യവസ്ഥയും ഉള്ളതിനാല്‍ ദൈവമില്ല എന്ന് വിശ്വസിക്കുന്നത് യുക്തിസഹമല്ല എന്നത്രെ മതവിശ്വാസികളുടെയെല്ലാം വാദം. പ്രപഞ്ചവ്യവസ്ഥ തികച്ചും ഉദ്ദേശ്യാധിഷ്ഠിതമാണെന്നാണ് വിശുദ്ധ ഖുര്‍ആനിലുടനീളം വായിക്കാനാവുന്നത്. ഖുര്‍ആന്റെ ദൃഷ്ടിയില്‍ ദൈവാസ്തിക്യത്തിനുഉള്ള ഏറ്റവും വലിയ തെളിവ് യുക്തിഭദ്രവും ഗൗരവതരവുമായ ഒരു കണ്ടെത്തലായോ ഗഹനതയാര്‍ന്ന ഒരു ദാര്‍ശനിക പഠനത്തിന്റെ ഫലമായോ അല്ല തനിക്കുണ്ടായ ഒരവജ്ഞയുടെ ബഹിര്‍പ്രകടനമായാണ് മാര്‍ക്‌സിന് ദൈവവിരോധവും മതനിരാസവുമുണ്ടായത് എന്നത്രെ മേല്‍പറഞ്ഞ പ്രസ്താവനയുടെ ധ്വനി. അല്ലെങ്കിലുണ്ടോ ഒരു ദാര്‍ശനിക പ്രബന്ധത്തില്‍ വ്യക്തിപരമായ വെറുപ്പിന് വല്ല ഇടവും. മനുഷ്യന് അഗ്നി നിഷേധിച്ച ഗ്രീക്ക് ഇതിഹാസ ലോകത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പും അവജ്ഞയും മാര്‍ക്‌സ് ലോകമതങ്ങളുടെ നേരെയും തിരിച്ചുവിട്ടു.

ജൂതനായി ജനിച്ച് പിന്നീട് പ്രോട്ടസ്റ്റന്റ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തന്റെ പിതാവിന്റെ പക്കല്‍നിന്ന് സിദ്ധിച്ചതായിരുന്നു മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിവരം. മനുഷ്യന് ഇഹലോകത്തില്‍ പൊരുതി മോചനം നേടാനുള്ള ആവേശവും പ്രചോദനവും ഇസ്‌ലാമിനെയും ജൂതമതത്തെയും പോലെ പ്രോട്ടസ്റ്റന്റ് മതവും നല്‍കുന്നുണ്ട്. ഇത്‌പോലും കണ്ടെത്താനുള്ള ക്ഷമയോ അന്വേഷണ മനസ്ഥിതിയോ കാണിക്കാതെ മതങ്ങളെ ഒന്നടങ്കം നിഷേധിക്കാനും പരിഹസിക്കാനും തുനിയുകവഴി തന്നിലെ തത്വചിന്തകനെ തന്നെയങ്ങ് അവമതിക്കുകയാണ് മാര്‍ക്‌സ് ചെയ്തത്. ക്രിസ്തുമതത്തിന്റെ സാമൂഹിക നിയമങ്ങള്‍ വഞ്ചനാപരമാണെന്ന് പറയുമ്പോള്‍ പില്‍ക്കാലത്ത് ക്രിസ്തുവിന്റെ വിമോചനപരമായ അധ്യാപനങ്ങളില്‍ ഊന്നിക്കൊണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും രൂപം കൊള്ളുകയും ഇത് കേരളത്തിലെ പൗലോസ് മാര്‍ പൗലോസ് വരെയുള്ളവര്‍ക്ക് ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹ സഞ്ചാരികളാവാന്‍ പശ്ചാത്തലമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത് ലിബറേഷന്‍ നിയോളജി പ്രസ്ഥാനത്തിന്റെ അടിസ്ഥാനത്തെ പോലും അടച്ച് നിഷേധിക്കുകയാണ് മാര്‍ക്‌സ്.

അതിരിക്കട്ടെ 1917- ലെ സോവിയറ്റ് വിപ്ലവത്തിന്റെ ഡ്രെസ്സ് റിഹേഴ്‌സല്‍ എന്ന് വി. ഐ ലെനിന്‍ വിശേഷിപ്പിച്ചതും 1905- ലെ ഡിസംബര്‍ വിപ്ലവത്തിന്റെ ആദ്യ പ്രചോദനമായി വര്‍ത്തിച്ചതുമായ രക്തരൂക്ഷിത സംഭവത്തിന് നേതൃത്വം നല്‍കിയത് ആരാറിപോണ്‍ എന്ന ളോഹധാരിയായ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. ദരിദ്രരും ഭൂരഹിതരും കര്‍ഷകരുമടങ്ങുന്ന ജനസഞ്ചയത്തെ ജോലി സമയം പത്ത് മണിക്കൂറാക്കുക, ഭൂ പരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങി നിരവധി കാര്യങ്ങളടങ്ങിയ നിവേദനവുമായി സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് നയിച്ചത് ഗിപോണ്‍ ആയിരുന്നു. അതേ ഗിപോണും കൂട്ടുകാരും മോസ്‌കോ സ്‌ക്വയറില്‍വെച്ച് സാറിന്റെ പട്ടാളത്തിന്റെ ക്രൂരമര്‍ദ്ദനത്തിന്റെ ഇരയായി. അതിന്മാത്രം വിപ്ലവവീര്യവും വിമോചനബോധവും ഒരു മത പുരോഹിതനുണ്ടായെങ്കില്‍ മതത്തെ ജനങ്ങളെ മയക്കിക്കിടത്താനുള്ള കറുപ്പായി വിശേഷിപ്പിക്കുന്നതിലെ ഒചിത്യമെന്ത്?

ആര്‍ക്കും മതത്തെ വിമര്‍ശനപരമായി വീക്ഷിക്കാം. പക്ഷേ മാര്‍ക്‌സിനെ പോലുള്ള ഒരു ലോക ചിന്തകന്‍ ധൈഷണികവും ശാസ്ത്രീയവുമായ വസ്തുതകളുടെ പിന്‍ബലത്തോടെ വേണ്ടിയിരുന്നു അക്കാര്യം നിര്‍വഹിക്കുന്നത്. എന്നാല്‍ ലോകത്തിലെ പ്രമുഖ മതങ്ങളെയോ അവയുടെ മൂലപ്രമാണങ്ങളെയോ ദൈവ സങ്കല്‍പം, ലോകവീക്ഷണം, ആചാര്യ ചരിത്രം, വിമോചന ദര്‍ശനം എന്നിവയേയൊ സംബന്ധിച്ച സാമാന്യ വിജ്ഞാനം പോലുമില്ലാതെ ഗ്രീക് മിത്തോളജിയിലെ ദേവന്മാരുടെ കഥകളെ ആസ്പദമാക്കി അമര്‍ഷത്തോട് കൂടിയ ചില വികാരപ്രകടനങ്ങള്‍ നടത്തുകയായിരുന്നു മാര്‍ക്‌സ് മതങ്ങള്‍ക്ക് നേരെ.

‘സാമൂഹിക അനീതികളെ സാധൂകരിക്കാനുള്ള മാര്‍ഗ്ഗമാണ് മതം’ എന്നുവരെ വാദിച്ചുകളഞ്ഞു മാര്‍ക്‌സ്. തന്മൂലം മതത്തോടും മതാചാര്യന്മാരായ മഹത്തുക്കളോടും എന്ത്മാത്രം ക്രൂരതയും അപമര്യാദയുമാണദ്ദേഹം കാണിച്ചത്. ഇസ്രാഈല്യരെ ഫറോവന്‍ ഭരണത്തിന്റെ അടിമത്തത്തില്‍ നിന്ന് വിമോചിപ്പിച്ച മോസസ് (മൂസ നബി ) യഹൂദ പുരോഹിതരുടെ ചൂഷണതിനെതിരെ രംഗത്ത് വന്ന് കുരിശിലേറ്റാന്‍ വിധിക്കപ്പെട്ട, ‘ഭാരം ചുമക്കുന്നവരും അധ്വാനിക്കുന്നവരുമായുള്ളവരേ നിങ്ങള്‍ എന്റെ അടുക്കല്‍ വരീന്‍, ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം തരാം’എന്ന് വിളംബരം ചെയ്ത യേശുക്രിസ്തു (ഈസാ നബി) മനുഷ്യരാശിയുടെ സമഗ്രമായ മോചനത്തിനും മോക്ഷത്തിനും വേണ്ടി നിലകൊണ്ട, അറേബ്യയിലെ അടിമ വ്യാപാരികള്‍ക്കും പലിശക്കച്ചവടക്കാര്‍ക്കും സ്ത്രീ മര്‍ദ്ദകര്‍ക്കുമെതിരില്‍ സന്ധിയില്ലാ സമരം ചെയ്ത മുഹമ്മദ് നബി (സ) തുടര്‍ന്നിങ്ങോട്ട് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മര്‍ദ്ദന വാഴ്ചകള്‍ക്കും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും എതിരില്‍ നിലകൊണ്ട് ജീവത്യാഗത്തിന്റെ വീര ചരിതങ്ങള്‍, രചിച്ച മതാധിഷ്ഠിത വിമോചന പ്രസ്ഥാനങ്ങള്‍ ക്രിസ്തീയ സഭക്കും പൗരോഹിത്യത്തിനുമെതിരില്‍ പൊരുതി രക്തസാക്ഷിത്വം വരിച്ച ബാഴ്സലോണയിലെ ക്രിസ്തീയ രക്തസാക്ഷികളിന്നും ഫലസ്തീനിലും മറ്റും സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി പൊരുതുന്ന മതവിശ്വാസികള്‍ ഇവരെയെല്ലാം സാമൂഹികാനീതികളെ സാധൂകരിക്കുന്ന മതത്തിന്റെ വക്താക്കളായാണ് മാര്‍ക്‌സ് വീക്ഷിക്കുന്നത്.
(തുടരും)

SHARE