തുടര്‍ച്ചയായി 16 വര്‍ഷം; റോഡില്‍ ആള്‍ട്ടോ തന്നെ രാജാവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറായി മാരുതി സുസുക്കി ആള്‍ട്ടോ. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ആദ്യ ചോയ്‌സാണ് ആള്‍ട്ടോ എന്ന് കമ്പനി പുറത്തു വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

2019-20 വര്‍ഷം 1.48 ലക്ഷം ആള്‍ട്ടോയാണ് മാരുതി സുസുക്കി വിറ്റത്. 2000ലാണ് ആള്‍ട്ടോ വിപണിയിലെത്തുന്നത്. 2014 മുതല്‍ എന്‍ട്രി ലെവല്‍ കാറുകളില്‍ മുന്നില്‍ തന്നെയാണ് ഈ കുഞ്ഞന്‍. ഇതുവരെ 40 ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങി.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ഡ്രൈവര്‍ സൈഡില്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹൈസ്പീഡ് അലര്‍ട്ട് സിസ്റ്റം തുടങ്ങിയ സേഫ്റ്റി സംവിധാനങ്ങളുമായാണ് മാരുതി ആള്‍ട്ടോ വിപണിയിലെത്തുന്നത്.

പെട്രോള്‍ കാറിന് 22.05 കിലോമീറ്ററും സി.എന്‍.ജിക്ക് 31.56 കിലോമീറ്ററുമാണ് ആള്‍ട്ടോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.