സൂര്യപേട്ട്(തെലങ്കാന): എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ അച്ഛന് അന്ത്യകര്‍മം ചെയ്യാന്‍ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരന്. ആരുടെയും ഹൃദയമുലയ്ക്കുന്ന കാഴ്ച. ഗല്‍വന്‍ താഴ്വരയില് മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണല്‍ ബികുമല്ല സന്തോഷ് ബാബുവിന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ ഭാര്യയും മകനുമാണ് കണ്ടുനില്‍ക്കുന്നവരുടെ ഹൃദയത്തില്‍ നൊമ്പരമായത്.
പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന ധീരപിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് നാലു വയസ്സുകാരന് അനിരുദ്ധ് അമ്മയുടെ തോളിലേറി എത്തിയത്. മാസ്ക് വച്ചു മുഖം മറച്ചെത്തിയ അവന് നാടിനു വേണ്ടി ജീവന് സമര്‍പ്പിച്ച് അച്ഛന് അവസാന സല്യൂട്ട് നല്‍കാനും മറന്നില്ല. കോവിഡ് ഭീതിയിലും ആയിരങ്ങളാണ് ധീര യോദ്ധാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാന്‍ ഓടിയെത്തിയത്. ത്രിവര്‍ണ്ണ പതാക പുതച്ച സന്തോഷ് ബാബുവിന്റെ ശരീരവും വഹിച്ചു കൊണ്ടുവന്ന സേനാവാഹനത്തില്‍ പുഷ്പവൃഷ്ടി നടത്താന്‍ നിരവധി പേരാണ് റോഡരികിലെ വീടുകളുടെ ബാല്‍ക്കണിയില്‍ അണിനിരന്നത്.
സെക്കന്തരാബാദിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കെയാണ് ആകസ്മിക വിയോഗം. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാര്‍ റെജിമെന്റിലെ കമാന്‍ഡിങ് ഓഫിസറായ സന്തോഷ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യ സൈനികരാണ് വീരമൃത്യു വരിച്ചത്.