നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാമായണവും മഹാഭാരതവും കാണിക്കുക- മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കട്ജു

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രിംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്‌ഠേയ കട്ജു. റോമന്‍ ആപ്തവാക്യം ഉദ്ധരിച്ചാണ് അദ്ദേഹം മോദി സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ചത്. ട്വിറ്ററിലാണ് കട്ജുവിന്‍റെ പ്രതികരണം.

‘ജനങ്ങള്‍ക്ക് അന്നം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കസ് കാണിക്കണം എന്ന് റോമന്‍ ചക്രവര്‍ത്തിമാര്‍ പറയാറുണ്ടായിരുന്നു. നമ്മുടെ നവ ഇന്ത്യന്‍ ചക്രവര്‍ത്തിമാര്‍ പറയുന്നത് നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ദൂരദര്‍ശന്‍ വഴി രാമായണവും മഹാഭാരതവും കാണിക്കണം എന്നാണ്. ഹരി ഓം.’ – എന്നാണ് കട്ജുവിന്റെ ട്വീറ്റ്.


ലോക്ക്ഡൗണ്‍ കാലത്താണ് ദൂരദര്‍ശന്‍ വഴി രാമായണം, മഹാഭാരതം സീരിയലുകള്‍ കാണിക്കാന്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചത്. വീട്ടില്‍ രാമായണം കാണുന്നതിന്റെ ചിത്രങ്ങള്‍ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വ്യാപക വിമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹം പിന്നീട് ഈ ട്വീറ്റ് പിന്‍വലിച്ചിരുന്നു.

കോവിഡ് മൂലം രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ ജീവിതോപാധികള്‍ വഴി മുട്ടിയ സാഹചര്യത്തിലാണ് കട്ജുവിന്റെ വിമര്‍ശം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവില്‍ ഇറങ്ങിയിരുന്നത്. ഈയിടെ ഇവരെ കൊണ്ടു പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.