മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന് മുന്‍ എസ്എഫ്‌ഐ നേതാവ് പ്രതികാരം ചെയ്യുന്നു; പരാതിയുമായി യൂണിവേഴ്‌സിറ്റി അധ്യാപിക


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ മുന്‍ നേതാവ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് സീനിയര്‍ പ്രൊഫസറുടെ പരാതി. നേതാവിന്റെ പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ, സര്‍വകലാശാല നടപടിയെടുക്കുകയാണെന്നും ഡോ. മോളി കുരുവിള വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്.

എസ്എഫ്‌ഐ മുന്‍ നേതാവായ ഡയാന കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസില്‍ നിന്ന് എംഎ പഠനം പൂര്‍ത്തിയാക്കുന്നത് 2009 ലാണ്. അറ്റന്റന്‍സ് കുറവായതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് ചട്ടപ്രകാരം കൂട്ടി നല്‍കാനാകില്ലെന്ന് 2010ല്‍ വിസി ഉത്തരവിട്ടു. എട്ട് വര്‍ഷം കഴിഞ്ഞ് 2018 ലാണ് ഡയാനയ്ക്ക് 21 മാര്‍ക്ക് കൂട്ടി നല്‍കിയത്. അപ്പോഴേക്കും അവര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പഠിച്ച ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ താത്കാലിക അധ്യാപികയുമായി.

മാര്‍ക്ക് കൂട്ടി കിട്ടിയതിന്റെ തൊട്ടടുത്ത മാസം ഡയാന പ്രൊഫസര്‍ മോളി കുരുവിളക്കെതിരെ പരാതി നല്‍കി. അനധികൃതമായി മാര്‍ക്കനുവദിക്കാനാവില്ലെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മോളി കുരുവിള മറുപടിയും നല്‍കി. പിന്നീട് ഡയാന വീണ്ടും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. മോളി കുരുവിളക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇത് ചെയ്തതെന്ന് മോളി കുരുവിള വൈസ് ചാന്‍സിലര്‍ക്ക് കൊടുത്ത കത്തില്‍ ആരോപിക്കുന്നു. പത്ത് വര്‍ഷമായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സണായ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരേയൊരു പ്രൊഫസറും പിഎച്ചഡി ഗൈഡുമായ മോളി കുരുവിളയെ ഇതിനിടയില്‍ ആ സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തു.

SHARE