മാര്‍ക്ക് ദാനം; മന്ത്രി ജലീലിന്റെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയതില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം. അദാലത്തുകള്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ഷറഫുദ്ദീന്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. സര്‍വകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാള്‍ ആശയ വിനിമയം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

അദാലത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നല്‍കിയിരുന്നത്.

ബി.ടെക് പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ. ഹരികുമാര്‍ തുറന്നുസമ്മതിച്ചിരുന്നു. അദാലത്തിന് അതിന് അധികാരമില്ലെന്നാണ് സര്‍വകലാശാലയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാര്‍.

SHARE