മരിയോ ബലോട്ടലി ബൊറുഷ്യ ഡോട്മുണ്ടിലേക്ക്

മരിയോ ബലോട്ടലി

പാരിസ്: ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലി ജര്‍മന്‍ വമ്പന്മാരായ ബൊറുഷ്യ ഡോട്മുണ്ടിലേക്ക്. ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ താരമായ ബലോട്ടലി 2017-18 സീസണില്‍ ഡോട്മുണ്ടിനു വേണ്ടിയാവും ബൂട്ടുകെട്ടുകയെന്ന് ഏജന്റ് മിനോ റയോള പറഞ്ഞു. സ്‌ട്രൈക്കര്‍ പിയറി എമറിക് ഓബമയാങ് ക്ലബ്ബ് വിടാനുള്ള സാധ്യത ശക്തമായ സാഹചര്യത്തില്‍ അടുത്ത സീസണിനു മുന്നോടിയായി ഒരു പുതിയ സ്‌ട്രൈക്കറെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഡോട്മുണ്ട്.

നിരവധി സൂപ്പര്‍ താരങ്ങളുടെ ഏജന്റായ റയോള ചൊവ്വാഴ്ച ഡോട്മുണ്ടിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇവിടെ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ബലോട്ടലിയുടെ ട്രാന്‍സ്ഫറിനെപ്പറ്റി 49-കാരന്‍ വ്യക്തമാക്കിയത്. ബലോട്ടലിയുടെ ട്രാന്‍സ്ഫറിനെപ്പറ്റി സംസാരിക്കാനാണ് താന്‍ എത്തിയതെന്നും 2017-18 സീസണില്‍ ഇറ്റാലിയന്‍ താരം കളിക്കുക ജര്‍മനിയിലായിരിക്കുമെന്നും റയോള പറഞ്ഞു.

ലിവര്‍പൂള്‍, എ.സി മിലാന്‍ ടീമുകളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ബലോട്ടലി കഴിഞ്ഞ സീസണില്‍ നീസിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23 ലീഗ് വണ്‍ മത്സരങ്ങളില്‍ നിന്നായി താരം 15 ഗോളുകള്‍ നേടി. ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാര്‍ ഈ മാസം അവസാനിക്കുകയാണ്.

അതേസമയം, ബലോട്ടലിയെ ഡോട്മുണ്ട് വാങ്ങുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. മറ്റൊരു യുവതാരത്തിനു വേണ്ടിയാണ് റയോള ഡോട്മുണ്ടിലെത്തിയതെന്നും അതേപ്പറ്റി സംസാരിക്കാതിരിക്കാന്‍ ബലോട്ടലിയുടെ കാര്യം എടുത്തിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.