കടല്‍ക്കൊല കേസ്: ബോട്ടില്‍ ഒരു കുട്ടി കൂടി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കേരളതീരത്ത് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഒരു കുട്ടി കൂടി ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കന്യാകുമാരി ജില്ലയിലെ കഞ്ചംപുരം സ്വദേശിയായ പ്രിജിന്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 100 കോടിയുടെ നഷ്ടപരിഹാരം തേടി പ്രിജിന്റെ അമ്മയും ഏഴ് സഹോദരിമാരും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. 2012-ലായിരുന്നു കടല്‍ക്കൊലകേസ്.

വെടിവെപ്പ് നടന്ന ശേഷം സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി, പ്രിജിനെ മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവ സമയത്ത് 14 വയസ്സുകാരനായ പ്രിജിന്‍ ബോട്ടിലെ പാചകക്കാരന്റെ സഹായി ആയിരുന്നു. പിടിക്കപ്പെട്ടാല്‍ ബാലവേലകുറ്റം ചുമത്തുമെന്ന ഭീതി കണ്ടാണ് പ്രിജിനെ മാറ്റിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വെടിവെപ്പില്‍ ചെറിയ പരിക്കുകളേറ്റ പ്രിജിന് യാതൊരു വിധ വൈദ്യസഹായങ്ങളോ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള കൗണ്‍സിലിങ്ങോ ലഭിച്ചില്ലെന്ന് പ്രിജിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു. വെടിവെപ്പ് നേരില്‍ കണ്ട പ്രിജിന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഉറക്കമില്ലാത്ത അവസ്ഥയും ഉറങ്ങുന്ന സമയത്ത് ഞെട്ടി എഴുന്നേറ്റ് അലറിവിളിക്കുന്ന അവസ്ഥയുമായി കടുത്ത മാനസികാവസ്ഥകളിലൂടെ പ്രിജിന്‍ കടന്നു പോയെന്ന് അമ്മയും സഹോദരിമാരും പറയുന്നു.

അഭിഭാഷകന്‍ യഷ് തോമസ് മണ്ണുള്ളി മുഖേന കാബിനറ്റ് സെക്രട്ടേറിയറ്റിന് അമ്മയും ആറ് സഹോദരിമാരും നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ പ്രിജിന്‍ പിന്നീട് കടലില്‍ പോവാന്‍ കഴിയാത്ത അവസ്ഥയിലായി. പിന്നീട് 2019 ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്യുകയായിരുന്നു.

വെടിവെപ്പ് സംഭവത്തിന്റെ ഇരയായ പ്രിജിന്റെ നിയമപരമായ അവകാശികളാണെന്ന നിലയില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ബാലവേലാകുറ്റം ചുമത്തപ്പടുമെന്ന ഭയത്താല്‍ കേസുമായ ബന്ധപ്പെട്ട എല്ലാ രേഖകളില്‍ നിന്നും പ്രിജിന്റെ പേര് ഉടമ ഫ്രെഡി മറച്ചുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.

2012 ഫെബ്രുവരി 15നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കുകയായിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എന്‍ റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈന്‍ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം.

SHARE