പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണം; വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച്.

കോണ്‍ഗ്രസ്, ശിവസേന എന്നിവരുടെ പിന്തുണ മാര്‍ച്ചിനുണ്ട്. മാര്‍ച്ച് മുഖ്യമന്ത്രിയുടെ വീടിന്റെ 100 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോണ്ടാകര്‍ അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

നേരത്തെ, ബി.ജെ.പിയില്‍ നിന്ന് തന്നെ മനോഹര്‍ പരീക്കറിനു നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്കറെ സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. അതിനിടെ, പരീക്കറുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. സ്വവസതിയില്‍ പരീക്കര്‍ വിശ്രമത്തിലാണെന്നും അസുഖം ഭേദപ്പെട്ടുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.