മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനം മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി സെമിനാര്‍ മലപ്പുറത്ത്

 

മലപ്പുറം: മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനത്തില്‍ മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തും. രൂക്ഷമായ വരള്‍ച്ച നേരിടാന്‍ പോകുന്ന ജില്ലകളിലൊന്ന് മലപ്പുറമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും മിതവ്യയ ബോധം വളര്‍ത്തുകയും മലിനീകരണം തടയുകയും അടക്കമുള്ള അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ തദ്ദേശ ഭരണ കൂടങ്ങളുടെ നേതൃത്വത്തില്‍ നടക്കേണ്ടതുണ്ട്. ലോറികളില്‍ കുടിവെള്ളമെത്തിച്ചാല്‍ ഉത്തരവാദിത്വം നിറവേറ്റിയെന്ന നിലയിലാണ് പ്രാദേശിക ഭരണ കൂടങ്ങള്‍. എന്നാല്‍ ലോറികളിലെത്തിക്കാന്‍ പോലും കുടിവെള്ളം കിട്ടാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണ കൂടങ്ങളും പുതിയ വാര്‍ഷിക പദ്ധതികളില്‍ ജല സംരക്ഷണത്തിന് വേണ്ടി പ്രൊജക്ടുകള്‍ തയാറാക്കി മുന്‍ കരുതലെടുക്കേണ്ടതുണ്ട്. 22 ന് കാലത്ത് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളിന് മുന്‍വശമുള്ള കെ.എച്ച്.എസ്.ടി.യു ഹാളിലാണ് സെമിനാര്‍. സെമിനാറില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ജില്ലയിലെ പഞ്ചായത്ത്-ബ്ലോക്ക് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും സെമിനാറില്‍ പങ്കെടുക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, കണ്‍വീനര്‍ സലീം കുരുവമ്പലം അറിയിച്ചു.