‘പന്ത് ഞാന്‍ കൈ കൊണ്ട് തൊട്ടിരുന്നു’ – തുറന്നു സമ്മതിച്ച് മാഴ്‌സലോ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്‌സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്‌സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി 4-3 സ്‌കോറിന് റയല്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. അതിനിടെ ഒന്നാം പകുതിയില്‍ ബയേണിന്റെ ഗോള്‍ ശ്രമം മാഴ്‌സലോ കൈകൊണ്ട് തടഞ്ഞിട്ടും റഫറി പെനാല്‍ട്ടി അനുവദിക്കാത്തത് വിവാദമായിരുന്നു.

സ്‌കോര്‍ 1-1 ല്‍ നില്‍ക്കെയാണ് വലതു വിങില്‍ നിന്ന് ജോഷ്വ കിമ്മിച്ച് നല്‍കിയ ക്രോസ് തടയാനുള്ള ശ്രമത്തില്‍ മാഴ്‌സലോ പന്ത് കൈകൊണ്ട് തൊട്ടത്. പന്ത് തടയാനുള്ള ചാട്ടത്തില്‍ മാഴ്‌സലോ കൈ ഉപയോഗിക്കുന്നത് റീപ്ലേകളില്‍ വ്യക്തവുമായിരുന്നു. ബയേണ്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിട്ടും തുര്‍ക്കിക്കാരനായ റഫറി പെനാല്‍ട്ടി അനുവദിക്കാന്‍ തയ്യാറായില്ല.

‘പന്ത് എന്റെ കൈയില്‍ തൊട്ടിട്ടില്ല എന്ന് പറയാന്‍ എനിക്കു കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ഞാനൊരു കള്ളനാകും.’ മത്സര ശേഷം മാഴ്‌സലോ പറഞ്ഞു. ബയേണില്‍ നിന്ന് കടുത്ത മത്സരമാണ് നേരിട്ടതെന്നും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിക് വരുത്തിയ ഭീമാബദ്ധമാണ് ബയേണിന് തിരിച്ചടിയായത്. പ്രതിരോധ താരം പിന്നോട്ട് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഉള്‍റിക് വീഴ്ച വരുത്തിയപ്പോള്‍ കരീം ബെന്‍സേമ പന്ത് തട്ടിയെടുത്ത് ഗോളടിക്കുകയായിരുന്നു. ഹാമിസ് റോഡ്രിഗസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും വിജയ ഗോളിനുള്ള ബയേണിന്റെ ശ്രമങ്ങള്‍ക്കു മുന്നില്‍ റയല്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും ഉറച്ചുനിന്നു.