മരടിലെ പൊട്ടിത്തെറിയില്‍ ‘മുഖം നഷ്ടപ്പെട്ടവര്‍’

കെ.ബി.എ കരീം

ദേശീയപാതയില്‍ വൈറ്റില ജംഗ്ഷന്‍ കഴിഞ്ഞ് അരൂര്‍ ഭാഗത്തേക്ക് ഒന്നര കിലോമീറ്റര്‍ പിന്നിട്ടാല്‍ പിന്നെ കാണുന്നത് മുഖത്ത് മാസ്‌ക് ധരിച്ച ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയുമാണ്. കുറെക്കൂടി മുന്നോട്ടുപോയാല്‍ മൂന്നു ദേശീയ പാതകളുടെ സംഗമവേദിയായ കുണ്ടന്നൂര്‍ ജംഗ്ഷനിലും അവിടെനിന്ന് ഏതു ദിശയിലേക്കുള്ള റോഡിലും ഈ മുഖംമൂടി മനുഷ്യരെ വ്യാപകമായി കാണാം. കുറച്ചുകൂടി തെളിച്ച്പറഞ്ഞാല്‍ മരട് മുനിസിപ്പല്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ഇളം പച്ചനിറത്തില്‍ അരികില്‍ വെളുത്ത വള്ളിയോടുകൂടിയ വായ-മൂക്ക് മൂടികളാണ്. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച നാലു ഫ്‌ളാറ്റുകള്‍ക്ക് സുപ്രീംകോടതി വിധിച്ച പൊളിക്കല്‍ ശിക്ഷ നടപ്പാക്കിയതിന്റെ ബാക്കി പത്രമാണ് മരട് മുനിസിപ്പല്‍ പ്രദേശത്തെ ഈ ‘മുഖമില്ലാത്ത’ മനുഷ്യര്‍. തീരദേശ പരിപാലനചട്ടം ലംഘിച്ച് ജലാശയങ്ങള്‍ക്കഭിമുഖമായി മരടിലെ നാലിടത്ത് നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങള്‍ സെക്കന്റുകള്‍ കൊണ്ട് നിലംപൊത്തിച്ചതിന്റെ ദുരിതപര്‍വം പ്രദേശത്തുള്ളവരും ഇതുവഴി കടന്നുപോകുന്നവരും അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ.

ഫ്‌ളാറ്റുകള്‍ തലയുയര്‍ത്തി നിന്നിരുന്ന നാലു സ്ഥലങ്ങളില്‍ നിന്നായി എഴുപത്തയ്യായിരം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകഴിയുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ്കൂടി മരടിന് ലഭിക്കും. ഏറ്റവും കൂടുതല്‍ ശ്വാസകോശ രോഗമുള്ള പ്രദേശം. പൊടിശല്യം ഒരു പ്രദേശത്തെ ജീവിതം ഇത്രമേല്‍ ദുസ്സഹമാക്കുമ്പോള്‍ ജനുവരി 11, 12 തീയതികളിലെ ഫ്‌ളാറ്റ് തകര്‍ക്കല്‍ നെഞ്ചിടിപ്പോടെ മാത്രം കണ്ട കേരള ജനത ഫ്‌ളാറ്റുകള്‍ തകര്‍ത്തതിന്റെ പേരില്‍ രണ്ട് പക്ഷത്തു നില്‍ക്കുന്നതാണ് കാണുന്നത്. ഫ്‌ളാറ്റ് പൊളിച്ചതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. സംസ്ഥാനത്തങ്ങോളമിങ്ങോളം തീരദേശ പരിപാലന നിയമവും വനസംരക്ഷണ നിയമവുമടക്കം ചട്ടങ്ങള്‍ കാറ്റില്‍പറത്തി നിര്‍മ്മിച്ച 1500ഓളം അംബര ചുംബികള്‍ മരട് ഫ്‌ളാറ്റുകളുടെ ശിക്ഷ നടപ്പാക്കല്‍ കണ്ട് പേടിച്ചരണ്ട് നില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോഴാണ് പൊളിക്കലിലെ രണ്ടു പക്ഷത്തിന് പ്രസക്തിയേറുന്നത്. ചരിത്ര പ്രസിദ്ധമായ ഫ്‌ളാറ്റ് പൊളിക്കല്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍മിശ്രയുടെ പൊടിയൊക്കെ ഒന്നടങ്ങട്ടെ എന്ന മുനവെച്ചുള്ള വെളിപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ കൊച്ചു കേരള സംസ്ഥാനം ചെറുതായെങ്കിലും ഒന്നു കുലുങ്ങിയിരിക്കയാണ്.
ഫ്‌ളാറ്റ് പൊളിക്കരുതായിരുന്നു എന്ന് വാദിക്കുന്നവര്‍ ചട്ടലംഘനത്തെ അനുകൂലിക്കുന്നവരല്ല എന്നു മാത്രമല്ല നിയമലംഘനത്തിന് കൂട്ടുനിന്നവരെ വേണമെങ്കില്‍ തൂക്കിലേറ്റുകവരെ ആകാമെന്ന അഭിപ്രായമുള്ളവരാണ്.

മണ്ണടിഞ്ഞ ഫ്‌ളാറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമായിരുന്നെന്നും ചട്ട ലംഘകര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന തരത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാതെ തന്നെ ശിക്ഷ നടപ്പാക്കണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ആയുസിലെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയും ഒരു കിടപ്പാടം വാങ്ങിയവര്‍ എന്തു പിഴച്ചെന്നും ഇവരിലെ തന്നെ ഒരുവിഭാഗം ചോദിക്കുന്നു. ലക്ഷക്കണക്കിന് പേര്‍ തലചായ്ക്കാന്‍ സ്വന്തമായി കൂരയില്ലാതെ നെട്ടോട്ടമോടുന്ന സംസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സര്‍ക്കാര്‍ ഓഫീസുകളുള്ള ഒരു ദേശത്ത് പൊളിച്ചില്ലാതാക്കിയത് സകല സൗകര്യങ്ങളോടെയെന്നല്ല ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വലിയ ആഢംബരങ്ങളോടെ നിലനിന്നിരുന്ന 68028 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിട ഭാഗമാണ്. കേരളത്തിന്റെ അതിദ്രുത വികസനത്തില്‍ അസൂയപൂണ്ട ഉത്തരേന്ത്യന്‍ ലോബിയാണ് ഈ തകര്‍ക്കല്‍ വിധിക്ക് പിന്നിലെന്ന് ബലമായി സംശയിക്കുന്നവരുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സര്‍വ കക്ഷിയോഗം ആവശ്യപ്പെടുകയും കേന്ദ്ര ഇടപെടലിന് അപേക്ഷിക്കുകയും ചെയ്തു. പുന:പരിശോധനകളുടെയും അന്തിമ പരിശോധനകളുടെയും രൂപത്തില്‍ പൊളിക്കരുതേ എന്ന പലവിധ അപ്പീലുകള്‍ പരമോന്നത നീതിപീഠത്തില്‍ എത്തിയിട്ടും കടുത്ത നിലപാടില്‍നിന്ന് അണുവിട മാറാന്‍ സുപ്രീംകോടതി തയ്യാറായില്ല. തിരിച്ചും മറിച്ചും അപ്പീലുകള്‍ ചെന്നപ്പോള്‍ കേരളത്തിന്റെ ധാര്‍ഷ്ട്യം നടപ്പില്ല എന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ പരാമര്‍ശം വരികള്‍ക്കിടയിലൂടെ വായിച്ചെടുത്താല്‍ കേരളത്തിന്റെ കടിഞ്ഞാണില്ലാത്ത വികസനകുതിപ്പ് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളില്‍ പ്രതിഫലിച്ചിട്ടില്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.

മരടിലെ ശിക്ഷ നടപ്പാക്കല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ചട്ടലംഘനങ്ങള്‍ക്ക് പാഠമാകണമെന്ന് ഫ്‌ളാറ്റുകള്‍ തവിടുപൊടിയാക്കിയതിനെ ന്യായീകരിക്കുന്നവര്‍ പ്രത്യാശിക്കുന്നു. തീരത്ത്‌നിന്ന് 200 മീറ്റര്‍ ദൂരം പാലിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുമ്പോള്‍ മരടില്‍ പൊളിച്ച നാലു കെട്ടിടങ്ങളിലൊന്നിനുപോലും പുഴയുമായി 20 മീറ്റര്‍ പോലും അകലമുണ്ടായിരുന്നില്ല എന്ന വസ്തുത നിയമലംഘനത്തിന്റെ പരകോടിയാണ് വെളിപ്പെടുത്തുന്നത്. പൊളിച്ച ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നതുമായ ജയിന്‍ കോറല്‍ കോവിന് കായലില്‍ നിന്നുള്ള അകലം ഒമ്പത്മീറ്റര്‍ മാത്രമായിരുന്നു. ഇതിനുപുറമെ കായല്‍ കയ്യേറ്റവും ജയിന്‍കോറല്‍ കോവിലുണ്ടായിരുന്നു. പൊളിക്കല്‍ പട്ടികയില്‍ ജയിന്‍കോറല്‍കോവ് മൂന്നാം സ്ഥാനക്കാരനായിരുന്നെങ്കിലും കുറ്റവാളിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു. ആദ്യം തകര്‍ത്ത ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിനും അവസാനം തകര്‍ത്ത ഗോള്‍ഡന്‍ കായലോരത്തിനും കായലില്‍ നിന്നുള്ള ദൂരം 10 മീറ്റര്‍ മാത്രമായിരുന്നു. രണ്ടാമതായി പൊളിച്ച അല്‍ഫാ സെറിന്‍ ഫ്‌ളാറ്റിലെ ഒരു ടവറിന് മാത്രമാണ് പത്ത് മീറ്ററിലധികം ദൂരം പുഴയുമായുണ്ടായിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ നിയമലംഘനം മരട് നഗരസഭാപരിധിക്കുള്ളില്‍തന്നെ അതും പൊളിച്ച ഫ്‌ളാറ്റുകളുടെ സമീപത്തുതന്നെയുണ്ടെന്നത് മറ്റൊരു വസ്തുത.

മരട് ഫ്‌ളാറ്റ് പൊളിച്ചതിനെ അനുകൂലിച്ചാലും ഇല്ലെങ്കിലും നിയമംലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്ന 2019 മെയ് എട്ടിലെ സുപ്രീംകോടതി വിധി സംസ്ഥാനത്തിന്റെ വികസനപ്രക്രിയയെ പ്രതികൂലമായി ബാധിച്ച പ്രധാനഘടകങ്ങളിലൊന്നാണെന്നതില്‍ തര്‍ക്കമില്ല. നോട്ട് നിരോധനവും ജി.എസ.്ടിയും കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് പിന്തിരിപ്പല്‍ നയങ്ങളുമടക്കം രാജ്യത്തിന്റെ വികസനരംഗത്ത് ശക്തമായ മുരടിപ്പ് പ്രകടമാണെങ്കിലും ഫ്‌ളാറ്റ് വിവാദം കേരളത്തില്‍ പ്രത്യേകമായ ഇടിവുണ്ടാക്കിയതായി ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തിയിരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല തീര്‍ത്തും അടിയിലായി. കഴിഞ്ഞവര്‍ഷം മെയ് മുതലുള്ള കണക്കെടുത്താല്‍ മരട് സബ് രജിസ്റ്റസ്റ്റര്‍ ഓഫീസില്‍ അടക്കം എറണാകുളം ജില്ലയില്‍ ആധാരം രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണെന്ന് കണ്ടെത്താനാകും. വലിയ ഭൂമി കച്ചവടങ്ങള്‍ നടക്കാതായിട്ട് വര്‍ഷങ്ങളായെങ്കിലും 2018ല്‍ മൂന്ന്, നാല് സെന്റ് സ്ഥലങ്ങളുടെ വില്‍പന നടന്നിരുന്നു. വാട്ടര്‍ഫ്രണ്ടിന് പൊന്നുംവില നല്‍കാന്‍ തയ്യാറായിരുന്ന സംസ്ഥാനത്ത് ജലാശയങ്ങള്‍ അടുത്തെങ്കിലുമുള്ള സ്ഥലം നോക്കാന്‍ പോലുമാളില്ലാതായി. സംസ്ഥാനത്തിന്റെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ വരുംനാളുകളില്‍ ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് അസോസിയേഷന്‍ (ക്രഡായ്) സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി 11, 12 തീയതികളില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാലു ഫ്‌ളാറ്റുകള്‍ നിലം പൊത്തിയപ്പോള്‍ 344 അപ്പാര്‍ട്ടുമെന്റുകളാണ് ഇല്ലാതായത്. ഇതില്‍ ഭൂരിഭാഗം പേരും ആയുസിലെ സമ്പാദ്യം മുഴുവന്‍ കൊടുത്തും ഉള്ള വീടും സ്ഥലവും വിറ്റും ഫ്‌ളാറ്റ് സ്വന്തമാക്കിയവരായിരുന്നു. റിട്ടയര്‍മെന്റ് ജീവിതം ആനന്ദകരമാക്കാന്‍ ഉള്ളതുമുഴുവന്‍ നല്‍കി ആഢംബര ഫ്‌ളാറ്റ് വാങ്ങിയവര്‍ പലരും വാടകവീടുകളില്‍ മനം നൊന്ത് കഴിയുകയാണ്. വീട് പോകുന്നത് അറിഞ്ഞ് ജീവിതത്തില്‍ നിന്ന് സംഗീതം തന്നെ നഷ്ടപ്പെട്ട സംഗീതജ്ഞന്‍ ലീനുലാലിനെ പോലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഫ്‌ളാറ്റ് പൊളിക്കലിന് ഇരകളായവരാണ്. ജയിന്‍ കോറല്‍ കോവില്‍ 128ഉം എച്ച്ടുഒ ഹോളിഫെയ്ത്തില്‍ 91ഉം ആല്‍ഫ സെന്റിനില്‍ 80ഉം ഗോള്‍ഡന്‍ കായലോരത്ത് 45ഉം അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്. സഊദിയില്‍ പടുകൂറ്റന്‍ ഷോപ്പിങ് മാളിന് സ്ഥലമൊരുക്കവെ ഒരു മൂലയിലെ മരത്തില്‍ തള്ളയും കുഞ്ഞുങ്ങളുമായി കിളിക്കൂട് കണ്ടപ്പോള്‍ ആ ഭാഗം ഒഴിവാക്കി അലൈന്‍മെന്റ് തന്നെ മാറ്റിയ സംഭവം നമുക്കു മുന്നിലുണ്ട്. മറ്റൊരു ഗള്‍ഫ് രാജ്യത്ത് ഒരു മുട്ടയുമായി കിളി അടയിരിക്കുന്നത്കണ്ട് പ്രോജക്ട് ആറ് മാസത്തോളം നീട്ടിവെച്ചതും ഈയിടെയാണ്. എത്രയെത്ര ജീവജാലങ്ങളുടെ പാര്‍പ്പിടമാണ് ഒരു മരം മുറിക്കുമ്പോള്‍ നഷ്ടമാകുന്നതെന്നോര്‍ത്ത് മരം വെട്ടുമ്പോള്‍ നാം വ്യാകുലപ്പെടാറുണ്ട്. ഇതൊക്കെ മനസിലുള്ളപ്പോള്‍ തന്നെയാണ് 32 സെക്കന്റ് കൊണ്ട് നാല് പാര്‍പ്പിട സമുച്ചയങ്ങള്‍ തവിടുപൊടിയാക്കിയത്. ഫ്‌ളാറ്റ് നഷ്ടമായവരില്‍ രണ്ട് ഡസനിലധികം പേര്‍ ഇന്ന് സ്ഥിരം കൗണ്‍സിലിങിന് വിധേയരായിക്കൊണ്ടിരിക്കുന്നു. അത്രമേല്‍ ആഘാതം താമസക്കാരില്‍ പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നു. ഇത് ഫ്‌ളാറ്റ് വാങ്ങിയവര്‍ അനുഭവിക്കുന്നതാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് പ്രദേശവാസികളാണ്. 76000 ടണ്‍ കെട്ടിടാവശിഷ്ടം നീക്കിവരുമ്പോള്‍ പൊടിശല്യം ആയിരക്കണക്കിന് ജീവിതങ്ങളിലാണ് വില്ലനാകാന്‍ പോകുന്നത്. ജലാശയങ്ങള്‍ അടക്കം ഈ കെട്ടിടാവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം വേറെയും.

ഇതൊക്കെയാണെങ്കിലും നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടത് തന്നെയായിരുന്നുവെന്ന പക്ഷത്തിനാണ് മുന്‍തൂക്കം എന്ന് കാണാം. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര കൃത്യതയോടെയും കണിശതയോടെയും ആസൂത്രണത്തോടെയും ഫ്‌ളാറ്റുകള്‍ പൊളിച്ചിട്ട കമ്പനികള്‍പോലും ഇത്രയധികം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടതോര്‍ത്ത് തേങ്ങുകയായിരുന്നു. ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ആദ്യമായാണ് ഇത്രയധികം പാര്‍പ്പിടങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത്. ഇതിനുമുമ്പ് കെട്ടിടങ്ങള്‍ കാലപ്പഴക്കമോ തീപിടുത്തമോ കൊണ്ട് കേടുവന്നപ്പോഴും മറ്റു കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടപ്പോഴുമെല്ലാമാണ് നിയന്ത്രിത സ്‌ഫോടനം എന്ന എഞ്ചിനീയറിങ് മാസ്മരികത ഉപയോഗിച്ചിരുന്നത്. ഇത് തങ്ങളുടെ ജോലിയായിപ്പോയില്ലേ; ഇത്രയധികം പേരുടെ പാര്‍പ്പിടം തകര്‍ത്തതില്‍ ഞങ്ങളോട് ഒന്നും തോന്നരുത്; നാലാമത്തെയും അവസാനത്തേയും ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരം പൊളിച്ചതിന്‌ശേഷം കരാറെടുത്ത എഡിഫസ് കമ്പനി മേധാവി ഉല്‍ക്കര്‍ഷ് മേത്തയുടെ വാക്കുകളാണിത്. നാലു ഫ്‌ളാറ്റും പൊളിച്ചതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞത് സങ്കടത്തോടെ മാത്രമാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നാണ്. 32 സെക്കന്റ് കൊണ്ട് തകര്‍ന്നത് 114 കോടി രൂപയുടെ പാര്‍പ്പിടങ്ങളാണ്. നഷ്ടപരിഹാരവും പൊളിക്കലുമായി സര്‍ക്കാരിന് ചെലവായത് 61 കോടി രൂപയും. ഏതാനും സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നടത്തിയ അഴിമതിക്കും ക്രമക്കേടുകള്‍ക്കും വിലകൊടുക്കേണ്ടിവന്നത് കേരള ജനത ഒന്നടങ്കമാണ്. കേരളത്തിലെവിടെ തിരഞ്ഞുനോക്കിയാലും ചട്ടലംഘനങ്ങള്‍ തകൃതി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ ദുരവസ്ഥക്ക് മാറ്റം വരുത്താന്‍ മരട് ഫ്‌ളാറ്റ് പൊളിക്കലിന് കഴിയണമെന്നാണ് പൊളിച്ചതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ പറയുന്നത്. ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വികസനം സാധ്യമാണെന്നാണ് ഇനി കാണിച്ചുകൊടുക്കേണ്ടത്.

SHARE