മരടിലെ പൊടി നിയന്ത്രിക്കുന്നതിന് ഫലപ്രദമായ സംവിധാനം വേണമെന്ന് ഹരിത ട്രിബ്യൂണല്‍

ദശീയഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ജസ്: എ വി രാമകൃഷണപിള്ള മലിനികരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ എം എ ബൈജു തുടങ്ങിയവര്‍ മരടില്‍ പൊളിച്ച ആല്‍ഫാ ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കുന്നു.

കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയ മരടില്‍ പൊടിപടലങ്ങള്‍ അസഹ്യമായതിനാല്‍ നിലവിലുള്ള സ്പ്രിന്‍ഗ്ലര്‍ സംവിധാനം ഫലപ്രദമല്ലെന്നും സ്വയം കറങ്ങുന്ന ജെറ്റ് സ്പ്രിന്‍ഗ്ലറുകള്‍ നല്‍കി പൊടി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി രാമകൃഷ്ണപ്പിള്ള. പൊളിച്ചുനീക്കിയ ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറിന്‍, എച്ച്ടുഒ ഹോളിഫെയ്ത്ത് എന്നിവ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോല്‍ഡന്‍ കായലോരം ഫഌറ്റില്‍ കായല്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഫഌറ്റ് പൊളിച്ചതുകൊണ്ട് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു എന്നതും പരിശോധിക്കുന്നതിനായിരുന്നു ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം.

ഫഌറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നല്‍കിയിട്ടുള്ള തുടര്‍നടപടികള്‍ പിന്തുടരാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് (പി.സി.ബി) കര്‍ശന നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും മണല്‍ പോലുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാനുമുള്ള അംഗീകാരത്തിനായി കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന കരാറുകാര്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളതായി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എം.എ ബിജു വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതിന് ഹിയറിങ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരട്ട പാളിയുള്ള ഗാര്‍ഡന്‍ വലകള്‍ പോലുള്ള പ്രത്യേക പൊടി നിയന്ത്രണ സൗകര്യങ്ങളും ഒരുക്കാനും റോഡുകള്‍ ഇടവിട്ട് നനയ്ക്കാനും സിസിടി നിരീക്ഷണം പ്രവാര്‍ത്തികമാക്കണമെന്നും ചൂണ്ടിക്കാട്ടി പിസിബി നഗരസഭക്ക് നോട്ടീസ് നല്‍കും. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അവശിഷ്ടങ്ങള്‍ തൃപ്തികരമായി നീക്കം ചെയ്യേണ്ടത് പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. കെട്ടിട മാലിന്യങ്ങള്‍ എവിടേക്ക് നീക്കം ചെയ്യുന്നു, അവശിഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുന്ന യൂണിറ്റ് ഏത് എന്നിവ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദിഷ്ട പദ്ധതികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റീസ് എ.വി. രാമകൃഷ്ണപ്പിള്ള നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട വിശദയോഗം 24ന് തിരുവനന്തപുരത്ത് ചേരും.

SHARE