മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍ ഒക്കോവ പറഞ്ഞു.

മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ല്ബ്ബായ ദൊറാദോസ് സിനലോവയുടെ കോച്ചായി 57-കാരനായ മറഡോണ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന കാല്‍മുട്ടുവേദന ഗുരുതരമായതിനാല്‍ ബുദ്ധിമുട്ടിയാണ് സമീപകാലത്തായി അദ്ദേഹത്തിന്റെ നടത്തം. ശസ്ത്രക്രിയക്ക് വിധേയനാകണോ എന്ന കാര്യത്തില്‍ മറഡോണയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

കാല്‍മുട്ട് സന്ധികളിലെ ഞരമ്പുകളെ നിഷ്‌ക്രിയമാക്കുക വഴി വേദനാനുഭവം തലച്ചോറിലെത്തിക്കുന്നത് തടയുന്ന ശസ്ത്രക്രിയയാണ് ജര്‍മന്‍ ഒക്കോവ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതൊരു സ്ഥിരം പരിഹാരമല്ലെന്നും കുറച്ചുകാലത്തേക്ക് വേദന ഇല്ലാതാക്കാന്‍ മാത്രമേ ഇതുകൊണ്ട് കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.