അയ്യോ! ഇങ്ങനെയായോ ഞങ്ങളുടെ താരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മറഡോണ’


കഴിഞ്ഞ ദിവസം ട്വിറ്ററിലും വാട്‌സാപ്പിലുമൊക്കെ ട്രെന്‍ഡിങ്ങായ വീഡിയോ ക്ലിപ്പായിരുന്നു മറഡോണയുടേത്. മറഡോണ കാലുകൊണ്ട് ടെന്നീസ് ബോള്‍ തട്ടിക്കളിക്കുന്ന വീഡിയോ ആയിരുന്നു അത്. മുഖം വെച്ച് നോക്കി അത് അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണയാണെന്ന് എല്ലാവരും ഉറപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ അദ്ദേഹത്തിന്റെ ശാരീരിക മാറ്റം കണ്ട് അവരെല്ലാം അന്ധാളിച്ചു. ഇത് മറഡോണയല്ലെന്ന് നിങ്ങള്‍ പറയുമോ?, ലോക്ക്ഡൗണ്‍ കാലത്തെ മറഡോണ എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍.

ഈ വീഡിയോയിലെ തടിച്ച മനുഷ്യന കണ്ടാല്‍ മറഡോണയല്ലെന്ന് പെട്ടെന്നാരും പറയില്ല. അതു തന്നെയാണ് വീഡിയോ ഹിറ്റാകാനുള്ള കാരണങ്ങളിലൊന്നും. എന്നാല്‍ സത്യം അതല്ല. അത് മറഡോണയല്ല. മറഡോണയായി അഭിനയിച്ച റോളി സെറാനോ എന്ന നടനാണയാള്‍. ഈ സത്യം കണ്ടുപിടിച്ച് പ്രസിദ്ധീകരിച്ചത് ഓള്‍ട്ട്‌ന്യൂസാണ് (altnews.in). അതിങ്ങനയൊണ്.

റോളി സെറാനോ
സൂചനകള്‍ വെച്ച് യൂട്യൂബില്‍ തിരഞ്ഞപ്പോള്‍ ഈ പ്രചരിക്കുന്ന വീഡിയോയുടെ കുറച്ചുകൂടെ ദീര്‍ഘമായ പതിപ്പ് കിട്ടി. അതില്‍ ദ യൂത്ത് എന്ന സിനിമയിലെ ക്ലിപ്പ് എന്നുണ്ട്. ആ സിനിമയേക്കുറിച്ച് അന്വേഷിച്ചു പോയപ്പോള്‍ അതില്‍ മറഡോണ അഭിനയിച്ചിട്ടില്ല. പക്ഷേ തടിച്ചുരുണ്ട മറഡോണയെപ്പോലുള്ള ഒരാളുണ്ട്. അര്‍ജന്റീനക്കാരനായ നടനും ടെലിവിഷന്‍ പെര്‍ഫോര്‍മറുമായ റോളി സെറാനോയാണ് മറഡോണയുടെ ആ റോള്‍ അഭിയയിച്ചത്. അതിലെ ഒരു ക്ലിപ്പാണ് യഥാര്‍ത്ഥ മറഡോണയുടെതെന്ന തരത്തില്‍ പ്രചരിച്ചത്.

ഈ വീഡിയോയുടെ 1.42 മിനിട്ടിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യം പിടികിട്ടും. ചുരുക്കിപ്പറഞ്ഞാല്‍ ആ വീഡിയോ നല്ല ഒന്നാംതരം ഫേക്കാണ്. പ്രചരിക്കുന്നത് 2015 ല്‍ പുറത്തിറങ്ങിയ പൗലോ സോറന്റിനോ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമായ ദ യൂത്തിലെ ഒരു ചെറിയ ക്ലിപ്പാണ്. അല്ലാതെ ഈ വീഡിയോക്ക് മറഡോണയുമായി നേരിട്ടൊരു ബന്ധവുമില്ല.

SHARE