ഭൂമി ഇപ്പോഴും ഞങ്ങളുടേത്; സ്ഥലം ഏറ്റെടുത്ത് താല്‍ക്കാലിക കെട്ടിടം പണിയുമെന്ന് മരട് ഫ്‌ലാറ്റിന്റെ ഉടമകള്‍

കൊച്ചി: മരടില്‍ മണ്ണിലലിഞ്ഞ ഹോളിഫെയ്ത് എച്ച്.ടു.ഒ ഫ്‌ലാറ്റ് സമുച്ചയം നലനിന്നിരുന്ന ഇടം ഇപ്പോഴും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍. ആ ഭൂമി ഇപ്പോഴും ഞങ്ങളുടേതാണ് എന്നവര്‍ വ്യക്തമാക്കി. സര്‍ക്കാരിനോട് കെട്ടിടത്തിന്റെ മാലിന്യങ്ങള്‍ ഉടനടി നീക്കാന്‍ ആവശ്യപ്പടുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഉടമകള്‍ ചേര്‍ന്ന് എച്ച്.ടു.ഒ ലാന്റ് ഓണേഴ്‌സ് എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.

ഒന്നര ഏക്കര്‍ വരുന്ന ഭൂമി ഇപ്പോഴും ഉടമസ്ഥരുടെ പേരിലാണ്. സര്‍ക്കാരിന് ഒരിക്കലും അതില്‍ അവകാശമുന്നയിക്കാനാകില്ല. കെട്ടിടം മാത്രമാണ് തുക തന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തമാക്കിയിട്ടില്ല’, ഉടമകളില്‍ ഒരാളായ ഷംസുദ്ദീന്‍ പറഞ്ഞു.

തീരദേശത്ത് നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന നിയമത്തെ മറികടന്നാണ് മരടില്‍ ഫ്‌ലാറ്റുകള്‍ പണിതിരുന്നത്. ഈ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടത്. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്നലെയും ഇന്നുമായി ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുകയായിരുന്നു.

SHARE