മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും

കൊച്ചി: മരട് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നിയമം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

മരട് വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഫ്‌ലാറ്റ് പൊളിക്കാതെ മറ്റു വഴികളില്ലെന്നും കോടതി വിധി നടപ്പിലാക്കാന്‍ കാലതാമസമുണ്ടായാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാതെയാകും ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുക. ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിനായുളള കര്‍മപദ്ധതിയുടെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.

SHARE