പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊലപ്പെട്ടു

ദന്തേവാഡയില്‍ ബിജെപി എംഎല്‍എയെയും നാല് പൊലീസുകാരെയും വധിച്ച മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്. മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ മാന്‍ഡ്വി മുയ്യ(29)യെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി, നാല് സുരക്ഷ ഉദ്യോഗസ്ഥര്‍, ദൂരദര്‍ശനിലെ പത്രപ്രവര്‍ത്തകന്‍ എന്നിവര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമത്തിലും അതേ വര്‍ഷം സൗത്ത് സുക്മയില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാള്‍ പങ്കെടുത്തിരുന്നതായി പൊലീസ് അറിയിച്ചു. ദന്തേവാഡയിലെ അരന്‍പൂര്‍ സ്വദേശിയാണ് മാന്‍ഡ്വി. ഇയാളില്‍നിന്ന് റൈഫിളും രണ്ട് എകെ 47 തോക്കുകളും പിടിച്ചെടുത്തു. മാന്‍ഡ്വി മുയ്യയുടെ സഹോദരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മഹാരാഷ്ട്ര ഗാഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു