വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളുമായി മാവോയിസ്റ്റ് പ്രകടനം

വയനാട്: മാനന്തവാടിയില്‍ പട്ടാപ്പകല്‍ തോക്കുകളുമായി മാവോയിസ്റ്റ് പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിലാണ് ഏഴംഗ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരോട് സംസാരിച്ച സംഘം പൗരത്വനിയമത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. തോക്കേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. സംഘത്തില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. സംഭവത്തെ തുടര്‍ന്ന് ഉച്ചക്ക് 1.30 ഓടെ പൊലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും പ്രദേശത്ത് തിരച്ചില്‍ തുടങ്ങി. കമ്പമലയില്‍ പാടികള്‍ക്ക് സമീപമുള്ള ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ചുമരുകളിലാണ് പോസ്റ്റ്‌റുകള്‍ പതിച്ചത്.

സര്‍ക്കാര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച വനംവകുപ്പിന്റെ തേയിലത്തോട്ടമാണ് കമ്പമലയിലേത്. ഇവിടെ എഴുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കമ്പമലയിലെ തോട്ടം തൊഴിലാളികള്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നും ഈ മണ്ണിന്റെ അവകാശികളാണെന്നും പോസ്റ്ററുകളിലുണ്ട്. തോട്ടം തൊഴിലാളികളുടെ പൗരത്വനിഷേധത്തെ ചെറുക്കുക, തോട്ടം ഭൂമി തൊഴിലാളികളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങുക, പാടി അടിമത്തത്തില്‍ നിന്ന് തോട്ടം ഉടമസ്ഥിതിയിലേക്ക് മുന്നേറുക, പൗരത്വരജിസ്റ്റര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുക, പൗരത്വ ഭേദഗതി ബില്‍, പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരെ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളില്‍ അണിചേരുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങളാണ് പോസ്റ്റുകളിലുള്ളത്. സി.പി.ഐ മാവോയിസ്റ്റ് കബനി ദളം എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

SHARE