രമക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുന്നതിനിടെ, മണിവാസകന്റെ രണ്ടു കാലും ഒടിഞ്ഞിരുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: പാലക്കാട് മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രമയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെയിയേറ്റത്. മണിവാസകത്തിന്റെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. എന്നാല്‍ വീഴ്ചയെ തുടര്‍ന്ന് ഒടിഞ്ഞതാകാമെന്ന ലക്ഷണങ്ങള്‍ ശരീരത്തിലില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

രമയുടെ ആമാശയത്തിലെ അവശിഷ്ടങ്ങള്‍ പരിശോധിച്ചശേഷമാണ് മെഡിക്കല്‍ സംഘം ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അല്ലെങ്കില്‍ അതിനുശേഷമാണ് വെടിയേറ്റത്. രമയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിവാസകത്തിന്റെ തലയിലാണ് വെടിയേറ്റിയിരിക്കുന്നത്. എക്‌സറേ പരിശോധന നടത്തിയശേഷമാണ് കാര്‍ത്തി, അരവിന്ദ് എന്നിവരുടെ ശരീരത്തിലെ വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ടകള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ സംഘത്തില്‍ നിന്ന് പോലീസ് മൊഴിരേഖപ്പെടുത്തി. നാലുപേരുടെയും മരണകാരണം വെടിയേറ്റതാകാമെന്ന് മെഡിക്കല്‍ സംഘം പോലീസിന് മൊഴിനല്‍കി.

മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മാവോയിസ്റ്റുകളെ പോലീസ് ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആരോപണം ഉന്നയിച്ചു.

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ സൂചനകളില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാല് മാവോയിസ്റ്റുകളെ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു കാനം രാജേന്ദ്രനും ആവര്‍ത്തിച്ചു. തലയില്‍ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടല്‍ ഉണ്ടായെന്ന് പറയുമ്പോഴും ഒരു പോലീസുകാരന് പോലും പരിക്കേറ്റിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തതെന്നു കാനം കുറ്റപ്പെടുത്തി.

SHARE