സുഫ്‌യാന്‍ അബ്ദുസ്സലാം
സ്വന്തം കുറവുകളും പോരായ്മകളും ആദര്‍ശ പാപ്പരത്തവും തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധികളില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന പ്രവണത കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, വിശിഷ്യാ സി.പി.എം കുറേക്കാലമായി ശീലിച്ചുവരുന്ന പ്രവര്‍ത്തനശൈലിയുടെ ഭാഗമാണ്. മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സിക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സ്വന്തം പാര്‍ട്ടി മെമ്പര്‍മാരായ രണ്ടു ചെറുപ്പക്കാര്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴമാണ് മോഹനന്റെ പ്രസ്താവനയില്‍ തെളിയുന്നത്. അലന്‍ ശുഐബിനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ സി.പി.എമ്മില്‍ തീവ്രവാദികള്‍ക്ക് സ്വാധീനമുണ്ടെന്നു സമ്മതിക്കലാവും. അതേസമയം ബന്ധമില്ലെന്ന് പറഞ്ഞാല്‍ അവരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്താന്‍ സമ്മതം മൂളുകയും ചെയ്ത പിണറായിയുടെയും സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും നടപടികള്‍ തെറ്റായിരുന്നുവെന്ന് അംഗീകരിക്കേണ്ടി വരും. ഈ പ്രതിസന്ധിയില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടെത്തിയ വളരെ ദുര്‍ബ്ബലമായ വാദമാണ് മാവോയിസ്റ്റുകളുടെ ഇസ്‌ലാമിക തീവ്രവാദ ബന്ധം.
സി.പി.എമ്മും മോഹനന്‍ മാസ്റ്ററും ഇങ്ങനെ പറയുന്നത് ഇതാദ്യമായൊന്നുമല്ല. ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാറിന്റെ പിറകില്‍ ‘മാഷാ അല്ലാഹ്’ എന്ന സ്റ്റിക്കര്‍ പതിച്ച സംഭവത്തിന്പിന്നില്‍ മുസ്‌ലിം തീവ്രവാദകളാണെന്ന് ആരോപിച്ച സംഭവത്തിലും ഇതേ മോഹനന്‍ മാസ്റ്റര്‍ പ്രതിയായിരുന്നു. ടി.പി വധത്തിനു ശേഷം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കൊല നടത്തിയത് മുസ്‌ലിം വര്‍ഗീയവാദികളാണെന്നായിരുന്നു പറഞ്ഞത്. ക്വട്ടേഷന്‍ തുകയുടെ കണക്കുപോലും പിണറായി അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. പിണറായിയും മോഹനന്‍ മാസ്റ്ററുമെല്ലാം പറയുന്ന മുസ്‌ലിം തീവ്രവാദികള്‍ ആരാണ്? അവരുടെ അഡ്രസ് ഏതാണ്? എങ്ങോട്ടാണീ വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്? സി.പി. എം അധികാരത്തിലിരിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല മുസ്‌ലിം തീവ്രവാദികളും സജീവമായി പ്രവൃത്തിക്കുന്നുണ്ടെങ്കില്‍ അതിനു മറുപടി പറയാന്‍ ബാധ്യസ്ഥര്‍ സി.പി.എമ്മും സി.പി.എം നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റുമാണ്.
മാവോയിസ്റ്റുകള്‍ക്കും മുസ്‌ലിം തീവ്രവാദികള്‍ക്കുമിടയിലുള്ള അന്തര്‍ധാര ശക്തമായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബ്ബലമായി എന്ന പരസ്യമായ സമ്മതമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് ജില്ലയിലെ മുക്കം, എരഞ്ഞിമാവ് പ്രദേശങ്ങളിലെ നിവാസികള്‍ നടത്തിയ ജനകീയ സമരത്തിന്‌നേരെയും സി.പി.എം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമാണ് സമരത്തിന് പിന്നിലെന്നായിരുന്നു അന്ന് സി.പി. എം പ്രതികരിച്ചിരുന്നത്. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും സൂചിപ്പിച്ചുകൊണ്ട് പ്രസ്താവന നടത്തിയത് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ.ടി കുഞ്ഞിക്കണ്ണനായിരുന്നു. മാവോയിസ്റ്റ് – ഇസ്‌ലാമിക തീവ്രവാദി ബന്ധമെന്ന മോഹനന്‍ മാസ്റ്ററുടെ പുതിയ പ്രസ്താവനക്ക് സൈദ്ധാന്തിക വിശദീകരണം നല്‍കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതും കുഞ്ഞിക്കണ്ണനായിരുന്നു.
പ്രാകൃത സമരങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും രാജ്യത്തിന് പരിചയപ്പെടുത്തിയ നക്‌സലിസത്തിലൂടെ ആവേശം ഉള്‍ക്കൊണ്ട് സി.പി. ഐ (എം.എല്‍) യിലൂടെ സി.പി.എമ്മിലെത്തിയ വ്യക്തിയാണ് കുഞ്ഞിക്കണ്ണന്‍. തീവ്ര ലൈനിലൂടെ കടന്നുവന്ന ബുദ്ധിജീവികളാണ് സി.പി.എമ്മിന്റെ സൈദ്ധാന്തിക തലങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇവര്‍ തങ്ങള്‍ വളര്‍ന്നുവന്നതും പരിചയിച്ചതുമായ തീവ്രതകള്‍ മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുക സ്വാഭാവികമാണ്.
കമ്യൂണിസ്റ്റുകളുടെ ആഭിമുഖ്യം തീവ്രവാദത്തോടാണെന്നത് ചരിത്രപരമായ യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര രംഗത്ത്‌നിന്ന് കമ്യൂണിസ്റ്റുകള്‍ വിട്ടുനില്‍ക്കാനുണ്ടായിരുന്ന ഒരു കാരണം ഗാന്ധിയുടെ സമരമാര്‍ഗം അഹിംസയില്‍ അധിഷ്ഠിതമായിരുന്നുവെന്നതുകൊണ്ടായിരുന്നു. ഇന്ത്യയിലുണ്ടായത് യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്ന് അവര്‍ പറയാനുണ്ടായ കാരണം തോക്കിന്‍കുഴലിലൂടെയുണ്ടാവേണ്ട വിപ്ലവം ഗാന്ധിയുടെ അഹിംസയിലൂടെ പിറവികൊണ്ടതുകൊണ്ടായിരുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള ഒത്തുതീര്‍പ്പാണ് സ്വാതന്ത്ര്യമെന്നും നെഹ്‌റുവിയന്‍ സിദ്ധാന്തങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ മോഡല്‍ വിപ്ലവമാണ് ഇന്ത്യയില്‍ വേണ്ടതെന്നുമുള്ള ബി.ടി രണദിവെയുടെ തീവ്ര ആശയങ്ങളെയാണ് 1948 ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ പാര്‍ട്ടി അംഗീകരിച്ചത്. പ്രസ്തുത സമ്മേളനത്തിലെ അതിതീവ്ര ആശയങ്ങള്‍ അടങ്ങിയ രണദിവെ തീസിസ് രഹസ്യയോഗങ്ങളിലൂടെയും മറ്റും പഠിപ്പിക്കാന്‍ പാര്‍ട്ടി ശ്രമമാരംഭിച്ചു. അത് പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. പാര്‍ട്ടി നടത്തിയ സമരങ്ങളുടെ ലക്ഷ്യങ്ങളില്‍ ചില നന്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും അത് നേടിയെടുക്കാന്‍ തീവ്രവും അക്രമാസക്തവുമായ സമരമാര്‍ഗങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. പലതും ജനാധിപത്യമാര്‍ഗത്തിലായിരുന്നില്ല. ഒളിയുദ്ധങ്ങളായിരുന്നു. അങ്ങനെ പാര്‍ട്ടിയുടെ സമരമാര്‍ഗങ്ങളും അതിതീവ്ര ലൈനിലേക്ക് മാറുകയും ചെയ്തു. അത് ഉന്മൂലന രാഷ്ട്രീയത്തിലേക്ക് വഴിമാറുകയും ചെയ്തു. സി.പി.എമ്മിന്റെ ചരിത്രം തീവ്രവാദത്തിന്റെ ചരിത്രമാണെന്ന് ഇതെല്ലം ബോധ്യപ്പെടുത്തുന്നു.
രണദിവെയുടെ ആശയങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഉപോത്പന്നമായാണ് നക്‌സല്‍ പ്രസ്ഥാനം പിറവിയെടുത്തത്. 1964 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ച പിളര്‍പ്പിന് ശേഷം 67 ല്‍ വെസ്റ്റ് ബംഗാളിലെ നക്‌സല്‍ ബാരി എന്ന ഗ്രാമത്തില്‍ സി.പി.ഐ (എം) നടത്തിയ അക്രമാസക്തമായ സമരങ്ങളാണ് നക്‌സല്‍ പ്രസ്ഥാനത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ടത്. മാവോയുടെ ചിന്തകളാണ് സായുധ സമരങ്ങള്‍ക്ക് സി.പി.എം അന്ന് ഉപയോഗിച്ചിരുന്നത്. ഈ യാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് ഇന്നത്തെ മാവോയിസ്റ്റുകള്‍ക്ക് ആരൊക്കെയോ സഹായം നല്‍കുന്നുവെന്ന് വിലപിച്ചിട്ടു കാര്യമില്ല. ഇപ്പോഴും സൈദ്ധാന്തികമായി മാവോയിസത്തെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സി.പി.എം. ഒക്ടോബര്‍ 31 നു ദേശാഭിമാനിയില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘മാവോയിസ്റ്റുകളെ ആദര്‍ശവത്കരിക്കുമ്പോള്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം പോലും അറിയാതെ സമ്മതിച്ചുപോകുന്ന ഒരു വസ്തുതയുണ്ട്. ഒറ്റപ്പെട്ട കലാപങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും വര്‍ഗസമരമായി കാണാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം ലേഖനത്തില്‍ പറയുന്നത്. കലാപങ്ങള്‍ നടത്താനും ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണു അതിന്റെ മറുവശം. അതുതന്നെയാണ് ഇപ്പോഴും സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. അരിയില്‍ ശുകൂര്‍, ശുഐബ്, കൃപേഷ്, ശരത്‌ലാല്‍ തുടങ്ങി താനൂരിലെ ഇസ്ഹാഖ്‌വരെ നീണ്ടുനില്‍ക്കുന്ന മൃഗീയ കൊലപാതക പരമ്പരക്ക് പാര്‍ട്ടി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അരുംകൊലകളേക്കാള്‍ ഭീകരമായ കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളുമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശാഭിമാനി ലേഖനത്തില്‍ മാവോയിസത്തെ ഇടതുപക്ഷ അവസരവാദമായി ലഘൂകരിക്കാനുള്ള ശ്രമവും ലേഖകന്‍ നടത്തുന്നതിലൂടെ മാവോയിസ്റ്റ് അതിക്രമങ്ങളുടെ സൈദ്ധാന്തിക അടിത്തറ നിലകൊള്ളുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളിലാണ് എന്ന വസ്തുതയെ അരക്കിട്ടുറപ്പിക്കുകയാണ്. സി.പി.ഐ മുതല്‍ ആര്‍.എസ്.പി വരെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സി.പി.എം ഉന്നയിക്കാറുള്ള ആരോപണമാണ് ഇടതുപക്ഷ അവസരവാദം. ഇതേ ‘പദവി’ മാവോയിസ്റ്റുകള്‍ക്കും വകവെച്ചുകൊടുക്കുന്നതിലൂടെ മാവോയിസ്റ്റുകള്‍ക്ക് ഒരു മുഖ്യധാരാ മുഖം നല്‍കുകയുയാണ് ലേഖകന്‍ ചെയ്തത്.
കേരളത്തില്‍ മുസ്‌ലിംകളുടെ പേരില്‍ സംഘടിച്ചിട്ടുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വളരെ സുതാര്യമായി ഇടപെട്ടുകൊണ്ട് മതസൗഹാര്‍ദ്ദത്തെ പരിപോഷിപ്പിച്ചുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും അംഗീകാരം പിടിച്ചുപറ്റിയ മുസ്‌ലിംലീഗിനെ തകര്‍ക്കാന്‍ സി.പി.എം, മുസ്‌ലിംകളുടെ പേരില്‍ രൂപംകൊണ്ട തീവ്രവാദ പ്രസ്ഥാനങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ തീവ്രവാദം പ്രചരിപ്പിച്ചിരുന്നവരെ ആശയപരമായും രാഷ്ട്രീയമായും പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുസ്‌ലിംലീഗ് നടത്തിയപ്പോഴൊക്കെ ചില്ലറ സീറ്റുകള്‍ക്ക്‌വേണ്ടി തീവ്ര ആശയങ്ങളുള്ളവരുമായി കൈകോര്‍ത്തുപിടിക്കാനും അവരെ വന്യമായി ഉപയോഗിക്കാനും സി.പി.എം ശ്രമിച്ചത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തും മലപ്പുറത്തെ കൊണ്ടോട്ടിയിലും പറപ്പൂരിലും കണ്ണൂരിലെ ഇരിട്ടിയിലും കാസര്‍കോട്ടെ മഞ്ചേശ്വരത്തും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്തത് മുസ്‌ലിംലീഗിനെ നാമാവശേഷമാക്കാനും പാര്‍ട്ടി വളര്‍ത്താനും വേണ്ടിയായിരുന്നു.
ഒരു മതവുമായി ചേര്‍ത്തുകൊണ്ട് തീവ്രവാദം ആരോപിക്കാനുള്ള മോഹനന്‍ മാസ്റ്ററുടെ ശ്രമം ലോകത്താകമാനം പടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. സംഘ്പരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യംകൂടി ഇതിനുപിറകിലുണ്ട്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നു മാസ്റ്റര്‍ക്കോ സി.പി. എമ്മിനോ അറിയാഞ്ഞിട്ടല്ല. പക്ഷെ കിട്ടാവുന്ന അവസരങ്ങളില്‍ കുത്തിനോവിക്കുന്നതിനും പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശനങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങളാണ്. ഇസ്‌ലാമിന് കമ്യൂണിസത്തെപോലെ ഭീകരതയുടെ അസ്തിത്വമോ ചരിത്രമോ ഇല്ല. പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ സ്ഥാനം നല്‍കാതെ, ‘ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ’ എന്നും, ‘മതത്തില്‍ ബലാല്‍ക്കാരമില്ല; വിവേകം അവിവേകത്തില്‍നിന്നും വ്യക്തമാണ്’ എന്നുമൊക്കെയുള്ള ആശയങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിനെ ഒരു ഭരണവ്യവസ്ഥയായി അവതരിപ്പിച്ച് അനിസ്‌ലാമിക ഭരണസംവിധാനങ്ങളോട് ഒരിക്കലും രാജിയാവാന്‍ പാടില്ലെന്ന് പഠിപ്പിക്കുന്ന ആധുനിക ലോകത്ത് സംജാതമായ ചില തീവ്ര ആശയങ്ങളോട് ഇസ്‌ലാമോ ഇസ്‌ലാമിക പ്രമാണങ്ങളോ യോജിക്കുന്നില്ല. വ്യവസ്ഥിതികളിലല്ല, മനസ്ഥിതികളിലാണ് മാറ്റം വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.