ധനമന്ത്രി നടത്തിയ പല പ്രഖ്യാപനങ്ങള്‍ക്കും പരിശോധന അത്യവശ്യം; പാര്‍ലമെന്റ് എത്രയും വേഗം വിളിക്കണമെന്ന് ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: മോദിയുടെ കോവിഡ് പാക്കേജില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വിശദീകരണവുമായി രംഗത്തെത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമനേയും കേന്ദ്ര സര്‍ക്കാറിനേയും രൂക്ഷമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്.
ധനമന്ത്രിയുടെ 5 ദിവസത്തെ പത്രസമ്മേളനത്തിന് ശേഷം ഇന്ത്യ നാറ്റോയില്‍ അംഗമായിട്ടുണ്ടെന്ന് വ്യക്തമായെന്ന് ജയ്റാം രമേഷ് ട്വീറ്റ് ചെയ്തു. NATO എന്നാല്‍ നോ ആക്ഷന്‍ ടോക്ക് ഒണ്‍ലി, എന്നാണെന്നും ജയ്റാം രമേഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 5 ദിവസങ്ങളില്‍ ധനമന്ത്രി നടത്തിയ പല പ്രഖ്യാപനങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അംഗീകാരവും പരിശോധനയും ആവശ്യമാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് എത്രയും വേഗം വിളിക്കേണ്ടത് അത്യാവശ്യമാണെന്നും കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്‌നം കാണാതെ വ്യോമയാന മേഖലയെയും ബഹിരാകാശ മേഖലയെയും സ്വകാര്യവത്ക്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിന്റെ നടപടിയെയും ജയ്റാം രമേഷ് വിമര്‍ശിച്ചു്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാതെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ വിചിത്രമെന്നാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ കോണ്‍ഗ്രസ് എംപി് ട്വീറ്റ് ചെയ്തത്.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജയ്‌റാം രമേശ് നടത്തിയത്. ഒരു കമ്പനിക്ക് മാത്രമാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നേട്ടം, ഇതാണ് ആത്മ നിര്‍ഭര്‍ ഭാരത് എന്ന് ജയ്‌റാം രമേശ് പരിഹസിച്ചു. രാജ്യത്തെ വ്യാവസായിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഒരു പ്രഖ്യാപനം പോലും ധനമന്ത്രിയുടെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഇന്നലെ ചൂണ്ടിക്കാട്ടി.

അതിഥി തൊഴിലാളികള്‍ ഇനിയും സുരക്ഷിതരായി വീട്ടിലെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. ധനമന്ത്രി ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നതിനെ ചൊല്ലിയൊക്കെയാണ് ഇപ്പോഴും പറയുന്നത്. ഇത് അതി വിചിത്രമാണെന്നും ജയ്റാം രമേഷ് പറഞ്ഞു.

നാളെ നടത്തുന്ന അവസാന ഘട്ട പ്രഖ്യാപനത്തിലെങ്കിലും പ്രതീക്ഷാവഹമായി എന്തെങ്കിലും കാണുമോയെന്നും ജയ്‌റാം രമേശ് ചോദിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധി നേരിടാന്‍ അടുത്ത 6 മാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് എത്ര ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി പറയുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് അവരുടെ ന്യായമായ കുടിശിക നിഷേധിക്കപ്പെടുന്നു, ഇത് ഇന്ത്യയെ വേദനിപ്പിക്കുന്നുവെന്നും ജയ്‌റാം രമേശ് ഇന്നലെ ട്വീറ്റ് ചെയ്തു.