ബിഹാറില്‍ മോദിയുടെ കഴുത്തറുക്കാനും കൈ വെട്ടാനും ആളുണ്ട്: റാബ്രി ദേവി

പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യകൂടിയായ റാബ്രി ദേവിയുടെ പ്രതികരണം.


മോദിക്കെിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ അക്രമം നടത്തിയാല്‍ ബിഹാറിലെ ജനങ്ങള്‍ നിശബ്ദരായി നോക്കിയിരിക്കില്ല. മോദിയുടെ കഴുത്തുവെട്ടാനും കൈവെട്ടാനും ഇവിടെ ആളുകള്‍ തയാറാണ്. പൊതുയോഗത്തില്‍ സംസാരിക്കവെ റാബ്രി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നിത്യാനന്ദ് റായിയാണ് മോദിക്കെതിരെ ഉയര്‍ത്തുന്ന വിരലുകള്‍ വെട്ടുമെന്ന വിവാദപ്രസ്താവന നടത്തിയത്. ഇത് വിവാദമായപ്പോള്‍ തന്റെ പരാമര്‍ശം ജനവികാരത്തെ വ്രണപ്പെടുത്തിയതിന് അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.
ബിനാമി സ്വത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ തനിക്ക് വിശ്വാസമില്ലെന്നും റാബ്രി പറഞ്ഞു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹാജരാവാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദശത്തില്‍ നിന്നും നിരവധി തവണ റാബ്രി ഒഴിഞ്ഞുമാറിയിരുന്നു.