മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ ഇയര്‍ ബുക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

2019ലെ മനോരമ ഇയര്‍ബുക്കില്‍ പത്രങ്ങള്‍ എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള ചെറുവിവരണവും ഒപ്പമുണ്ട്. എന്നാല്‍ 1938 മുതല്‍ പ്രചാരത്തിലുള്ള പ്രധാന പത്രമായ ചന്ദ്രികയോ, 1987 മുതല്‍ മുതല്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമമോ, കൂടാതെ സിറാജ്, സുപ്രഭാതം, വര്‍ത്തമാനം തുടങ്ങിയ പ്രധാന പത്രങ്ങളുടെ പേരോ പട്ടികയില്‍ ഇല്ല. ഈ പത്രങ്ങളെല്ലാം മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളാണ് എന്നതാണോ ഒഴിവാക്കാന്‍ കാരണമെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഭാഗത്തും മനോരമ ഈ വിവേചനം കാണിച്ചിട്ടുണ്ട്. ജനം ടി.വിയും ശാലോം ടി.വിയും പോലും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുഖ്യധാരാ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ച് പരാമര്‍ശമില്ല. ദര്‍ശന ടി.വിയേയും ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, എന്നിവയാണ് പട്ടികയിലുള്ള മറ്റു ചാനലുകള്‍.

അതേസമയം ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയെ പട്ടികയിലുള്‍പ്പെടുയിട്ടുണ്ട്.

പി.എസ്.സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ പൊതുപഠനത്തിലും ചരിത്രപഠനത്തിലും റഫര്‍ ചെയ്യാനിടയുള്ള പുസ്തകത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ചത് ഗുരുതര തെറ്റാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. തെറ്റായ ഭാഗം പിന്‍വലിച്ച് പുതിയ പതിപ്പ് ഇറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.