ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് ലഫ്. ഗവര്‍ണറായി നിയമിതനായത്. നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്റെ ഓഫീസ് അംഗീകാരം നല്കി. മുന്‍ ഗവര്‍ണര്‍ ജി.സി മുര്‍മുവിനെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന.
നിലവിലെ സി.എ.ജി രാജീവ് മഹിര്ഷി ഈയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ സര്‍ക്കാര്‍ തേടുന്നത്. ഒഴിച്ചിടാന്‍ പറ്റാത്ത ഭരണഘടനാ പദവിയാണ് സി.എ.ജി. ‘ഓഗസ്റ്റ് എട്ടിന് രാജീവ് മെഹിര്ഷിക്ക് 65 തികയും. അതുകൊണ്ടാണ് സര്‍ക്കാര്‍ അതിവേഗത്തില്‍ സ്ഥലംമാറ്റം നടത്തുന്നത്’ – കാബിനറ്റ് സെക്രട്ടറിയേറ്റിനെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
1985ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ മുര്‍മു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. മോദി പ്രധാനമന്ത്രിയായതോടെ ഇദ്ദേഹം കേന്ദ്രധനമന്ത്രാലയത്തിലെത്തി. ചെലവു വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീടാണ് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറായത്.
യു.പിയിലെ ഗാസിപൂര്‍ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ ലോക്സഭയിലെത്തിയ ബി.ജെ.പി നേതാവാണ് മനോജ് സിന്‍ഹ. സ്വതന്ത്ര ചുമതലുയുള്ള വാര്‍ത്താ വിനിമയ വകുപ്പ് സഹമന്ത്രിയായും റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.