മനോജ് വധം: യു.എ.പി.എക്കുള്ള അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തില്ല

കൊച്ചി: കതിരൂര്‍ മനോജ് വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ യു.എ.പി.എ ചുമത്താനുള്ള കേന്ദ്രാനുമതി സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. യു.എ.പി.എ ചുമത്താനുള്ള കേന്ദ്രാനുമതി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി.

എതിര്‍കക്ഷികളായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, സി.ബി.ഐ എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഭാമശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ച് നോട്ടിസ് ഉത്തരവായത്.പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് പ്രതികളുടെ വാദം.