പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കി ബിഹാറില്‍ വിദ്യാര്‍ത്ഥികളെ വാഹനമിടിച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് കീഴടങ്ങി

പാറ്റ്‌ന: ബീഹാറില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. വാഹനം ഓടിച്ച മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബൈയ്ത ആണ് ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി വന്‍ അപകടമുണ്ടായത്. ദുരന്തത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടം നടക്കുമ്പോള്‍ മനോജാണ് കാര്‍ ഓടിച്ചതെന്നാണ് ആരോപണം ഉയര്‍ന്നത്. വാഹനാപകട സ്ഥലത്തു നിന്നു മനോജ് കടന്നു കളയുകയായിരുന്നു. ബിജെപി നേതാവായ മനോജിനെ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം സംരക്ഷിക്കുന്നതായി ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാര്‍ സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഇതിനാലാണ് മനോജിനെ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി അടക്കമുള്ള കക്ഷികളുടെ ആരോപണം.

സമ്മര്‍ദം ശക്തമായതോടെ മനോജിനോട് കീഴടങ്ങാന്‍ ബിജെപി നിര്‍ദേശിച്ചതായി ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ മനോജ് കീഴടങ്ങുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് വിവേക് കുമാര്‍ പറഞ്ഞു. വാഹനം സ്‌കൂള്‍ കുട്ടികള്‍ക്കിടിയിലേക്കു പാഞ്ഞു കയറി അപകടം സൃഷ്ടിക്കുമ്പോള്‍ മനോജ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. മനോജിന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും അതിനാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ മനോജിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.

SHARE