മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം; പകരക്കാരനെ കണ്ടെത്താന്‍ ബിജെപി

പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായത്. പനി ബാധിച്ചതാണ് പരീക്കറുടെ നില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഗോവ കാന്‍ഡോലിമിലെ സ്വകാര്യ ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സക്കായി യു.എസില്‍ പോയ പരീക്കര്‍ ഈ മാസം ആറിനാണ് തിരിച്ചെത്തിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയിലും കാന്‍ഡോലിമിലെ സ്വകാര്യ ക്ലീനിക്കില്‍ ചികിത്സ തേടിയിരുന്നു.

പരീക്കറുടെ അഭാവത്തില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ സുദ്ദീന്‍ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കാന്‍ ബിജെപി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

SHARE