ഗോവയില്‍ കോണ്‍ഗ്രസ് നീക്കത്തിന് മുന്നില്‍ പതറി ബി.ജെ.പി; അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് മുന്നില്‍ പതറി ബി.ജെ.പി കേന്ദ്ര നേതൃത്വം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളാവുകയും അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സക്കായി പോവുകയും ചെയ്തതോടെയാണ് ഗോവയില്‍ രാഷ്ട്രീയം മാറിമറിഞ്ഞത്. ഏറെക്കാലമായി ആരോഗ്യപരമായ കാരണങ്ങളാല്‍ ഭരണത്തില്‍ ശ്രദ്ധിക്കാനാവാത്ത അവസ്ഥയിലാണ് പരീക്കര്‍. നേരത്തെ അദ്ദേഹം അമേരിക്കയില്‍ ചികിത്സ തേടിയപ്പോഴും ഗോവയില്‍ ഭരണമില്ലാത്ത അവസ്ഥയിലായിരുന്നു.

പരീക്കര്‍ അധികസമയവും ആരോഗ്യകരമായ കാരണങ്ങളാല്‍ മാറിനിന്നതോടെയാണ് നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. 40 അംഗ സഭയില്‍ 16 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സര്‍ക്കാര്‍ പുനഃസംഘടന എന്ന ചര്‍ച്ച വന്നതോടെ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 21 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് ഗവര്‍ണറെ അറിയിച്ചു.

കര്‍ണാകയില്‍ കോണ്‍ഗ്രസിന്റെ നിയമപോരാട്ടം ഫലം കണ്ടതിന്റെ പാഠമുള്ളതിനാല്‍ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടെന്നാണ് ബി.ജെ.പി തീരുമാനം. തല്‍ക്കാലം മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

SHARE