മൂക്കിലൂടെ ട്യൂബിട്ട് പരീക്കര്‍ പൊതുപരിപാടിയില്‍; വിമര്‍ശനം ശക്തം

പനാജി: അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. അനുകമ്പ പിടിച്ചുപറ്റാന്‍ ബി.ജെ.പി ഏതറ്റം വരേയും പോകുമെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പാലങ്ങളുടെ പണി വിലയിരുത്താന്‍ മൂക്കിലൂടെ ട്യൂബിട്ട അവസ്ഥയില്‍ എത്തുകയായിരുന്നു പരീക്കര്‍.

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരികയായിരുന്നു. നേരത്തെ, ചികിത്സയിലിരിക്കുന്ന പരീക്കര്‍ നേരിട്ട് ഭരണസംവിധാനത്തില്‍ ഇടപെടുന്നില്ലെന്ന വാദം നിലനിന്നിരുന്നു.

പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിതെന്ന് ഒമര്‍ അബ്ദുല്ല പറഞ്ഞു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പരീക്കറിന്റെ അഭാവത്തില്‍ സംസ്ഥാന ബി.ജെ.പിയില്‍ ഉടലെടുത്ത അധികാര തര്‍ക്കവും ഭരണസ്തംഭവനവും മറക്കാനാണ് ഇപ്പോള്‍ മൂക്കിലൂടെ ട്യൂബിട്ട അവസ്ഥയില്‍ അദ്ദേഹത്തെ പൊതുവേദിയില്‍ എത്തിച്ച് അനുകമ്പ പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

SHARE