പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് പ്രമുഖ നടന്റെ വീട്; കൊറോണയെ പേടിച്ചാണോയെന്ന് ആരാധകര്‍

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതി് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംശയങ്ങളും നിഗമനങ്ങളുമായി ആരാധകരുമെത്തി. കൊറോണയെ പേടിച്ചാണ് ഷാരൂഖ് വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതെന്നായിരുന്നു പലരുടേയും പ്രതികരണം.

മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കഴിഞ്ഞു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് വായുവിലൂടെയും പകരാമെന്ന കണ്ടെത്തലും പുറത്തുവന്നു. ഇതിനിടെ ഷാരൂഖിന്റെ അഞ്ച് നിലയുള്ള വസതി മുഴുവന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടപ്പോഴാണ് കോവിഡിനെ അകറ്റിനിര്‍ത്താനാണോയെന്ന സംശയം ആരാധകര്‍ ഉന്നയിച്ചത്.

എന്നാല്‍ ആരാധകര്‍ തന്നെ അന്വേഷിച്ച് വസ്തുത കണ്ടെത്തി. ഇതാദ്യമായല്ല കിങ് ഖാന്‍ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടിയത്. മുന്‍പും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്നപ്പോള്‍ ഇങ്ങനെ ചെയ്തിരുന്നു. ഇത്തവണയും മണ്‍സൂണ്‍ കാലത്താണ് വസതി പ്ലാസ്റ്റിക് കൊണ്ട് മൂടിയത്. മുംബൈയില്‍ ജൂലൈ മാസം പകുതി വരെ 1024 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

SHARE